കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ച വൈക്കം സ്വദേശിനി ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. മകന് സര്‍ക്കാര്‍ ജോലി നല്‍കാണും കുടുംബത്തിന് വീടുനിര്‍മിച്ചു നല്‍കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.
|
ജൂലൈ മൂന്നിനാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ഒരു ഭാഗം ഇടിഞ്ഞുവീണത്. രോഗിയായ മകള്‍ക്ക് കൂട്ടിരിക്കാനാണ് ബിന്ദു ആശുപത്രിയില്‍ എത്തിയത്. കെട്ടിടം തകർന്നു വീണെങ്കിലും അടിയിൽ ആരുമില്ലെന്നായിരുന്നു തുടക്കത്തിൽ അധികൃതരുടെ നിലപാട്. ബിന്ദുവിനെ കാണാതെ വന്നതോടെ നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കണ്ടത്.
ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്. 14-ാം വാര്‍ഡിന്റെ ഒരു കെട്ടിടമാണ് ഇടിഞ്ഞുവീണത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് ചെറിയ പരിക്കുമുണ്ടായിരുന്നു.
അതിനിടെ ബിന്ദുവിന്റെ കുടുംബത്തിന് ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന് പ്രഖ്യാപിച്ച ധനസഹായമായ അഞ്ച് ലക്ഷം രൂപ ചാണ്ടി ഉമ്മന്‍ എംഎല്‍എ കുടുംബത്തിന് കൈമാറി. ബിന്ദുവിന്റെ മകളുടെ അക്കൗണ്ടിലേക്കാണ് പണം നല്‍കിയത്. ചാണ്ടി ഉമ്മന്‍ ഫൗണ്ടേഷന് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ആണ് പണം നല്‍കിയത്.
ബിന്ദുവിന്റെ കുടുംബത്തിന് സഹായവുമായി ബിന്ദു ജോലി ചെയ്ത വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ഉടമയും രംഗത്തെത്തിയിരുന്നു. നാഷണൽ സർവീസ് സ്കീം കുടുംബത്തിന് വീട് നിർമിച്ചു നൽകാമെന്നും പ്രഖ്യാപിച്ചിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





