26
Jan 2024
Wed
26 Jan 2024 Wed

സംസ്ഥാനത്ത് ഇന്ന് കോണ്‍ഗ്രസ്, BJP അനുകൂല ഗവ. ജീവനക്കാരുടെ പണിമുടക്ക്; ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് യുഡിഎഫിന്റെയും ബിജെപിയുടെയും സര്‍വീസ് സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് പണിമുടക്ക്. പണിമുടക്കിന് മുന്നോടിയായി സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആറ് ഗഡു ക്ഷാമബത്ത കുടിശികയാണെന്നു സമരസമിതി ചെയര്‍മാന്‍ ചവറ ജയകുമാര്‍ പറഞ്ഞു.

ആറു ഗഡു ഡി.എ അനുവദിക്കുക. ലീവ് സറണ്ടര്‍ പുനസ്ഥാപിക്കുക, ശമ്പള പരിഷ്‌കരണ കുടിശ്ശിക അനുവദിക്കുക, മെഡിസെപ് അപാകതകള്‍ പരിഹരിക്കുക, വിലക്കയറ്റം തടയുക എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പണിമുടക്ക്. സെക്രട്ടറിയേറ്റ് ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് അനുകൂല സംഘടനകളുടെ കൂട്ടായ്മയായ സെക്രട്ടറിയേറ്റ് ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം പണിമുടക്ക് നേരിടാന്‍ കേരള സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് അടിയന്തരഘട്ടത്തില്‍ അല്ലാതെ അവധി അനുവദിക്കരുതെന്ന് ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഡയസ്‌നോണ്‍ ബാധകമാകുന്നവരുടെ ഇന്നത്തെ ശമ്പളം ഫെബ്രുവരിയിലെ ശമ്പളത്തില്‍ നിന്നും കുറയ്ക്കും. പണിമുടക്കു ദിവസം അനുമതിയില്ലാതെ ഹാജരാകാത്ത താല്‍ക്കാലിക ജീവനക്കാരെ സര്‍വീസില്‍ നിന്നു നീക്കം ചെയ്യും. അടിയന്തര സാഹചര്യങ്ങളിലൊഴികെ ഒരുവിധ അവധിയും അനുവദിക്കാന്‍ പാടില്ല. അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ പൊതുമുതല്‍ നശിപ്പിക്കുകയോ ചെയ്യുന്ന ജീവനക്കാരെ പ്രോസിക്യൂട്ട് ചെയ്യുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.