28
Sep 2023
Tue
28 Sep 2023 Tue

ക്ഷേത്ര പരിസരത്ത് RSS ന്റെ ആയുധ പരിശീലനം വേണ്ടെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: ക്ഷേത്ര പരിസരങ്ങള്‍ ആയുധ പരിശീലനത്തിലും മാസ് ഡ്രില്ലിനും ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി ഹൈക്കോടതി. തിരുവനന്തപുരത്തെ ശാര്‍ക്കര ദേവി ക്ഷേത്രവളപ്പ് കയ്യേറി ആര്‍.എസ്.എസ് ആയുധ പരിശീലനം നടത്തുന്നു എന്ന ഭക്തരായ ജി. വ്യാസന്‍, കെ. വിജയകുമാര്‍ എന്നിവര്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

ക്ഷേത്രപരിസരത്ത് കായികാഭ്യാസം തടഞ്ഞ് അധികൃതര്‍ ഇറക്കിയ ഉത്തരവ് കൃത്യമായി പാലിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ചഹര്‍ജിയില്‍ ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് പി.ജി. അനില്‍കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പറഞ്ഞത്.

ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ദേവസ്വം കമ്മിഷണര്‍ ഉറപ്പാക്കണമെന്ന് നിര്‍ദേശിച്ച ഹൈക്കോടതി ഇതിന് വേണ്ട സഹായം നല്‍കാന്‍ ചിറയിന്‍കീഴ് പൊലീസിനോട് ആവശ്യപ്പെട്ടു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴില്‍ വരുന്നതാണ് ക്ഷേത്രം. ക്ഷേത്രകാര്യങ്ങള്‍ നോക്കേണ്ടത് ദേവസ്വം ബോര്‍ഡ് ആണെന്ന് കോടതി പറഞ്ഞു. ക്ഷേത്ര പരിസരത്ത് ഒരു വിധത്തിലുള്ള കായികാഭ്യാസവും ആയുധ പരിശീലനവും അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കായിക അഭ്യാസം നടക്കുന്നുണ്ടെന്ന പരാതി സത്യമാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി പൊലീസ് കോടതിയെ അറിയിച്ചു. ഇത് നിര്‍ത്താന്‍ നിര്‍ദേശിച്ചുകൊണ്ട് ബന്ധപ്പെട്ട വ്യക്തികള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.