20
Sep 2025
Mon
20 Sep 2025 Mon
Kerala legislative assembly

തിരുവനന്തപുരം: രാഷ്ട്രീയ വിവാദങ്ങള്‍ക്ക് നടുവില്‍ പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാമത് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകും. എന്നാല്‍, സഭയിലെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പങ്കാളിത്ത കാര്യത്തില്‍ അവസാന നിമിഷവും കോണ്‍ഗ്രസില്‍ ഭിന്നത പ്രകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാഹുലിനെ പാര്‍ലമെന്ററി പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്റ് ചെയ്തുവെന്ന് കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയെങ്കിലും അദ്ദേഹം സഭയിലെത്തണമെന്ന നിലപാടിലാണ് എ ഗ്രൂപ്പ്. യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് ഇക്കാര്യത്തില്‍ രാഹുല്‍ അനുകൂല നിലപാടിലാണ്.

സതീശന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയതിന് പിന്നാലെ ‘ജനപ്രതിനിധി എന്നനിലയില്‍ രാഹുലിന് ചില അവകാശങ്ങളുണ്ടെന്ന’ ആമുഖത്തോടെ അടൂര്‍ പ്രകാശ് ന്യായവാദം അവതരിപ്പിച്ചതിലൂടെ പാര്‍ട്ടിക്കുള്ളിലെ ഭിന്നതയാണ് വെളിപ്പെടുന്നത്. സഭയിലേക്ക് രാഹുല്‍ ‘വരണമെന്നോ വരേണ്ടെന്നോ’ പറയാനില്ലെന്ന ന്യൂട്രല്‍ നിലപാടിലാണ് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്.

ALSO READ: 16കാരിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച ടാറ്റൂ ആര്‍ട്ടിസ്റ്റ് അറസ്റ്റില്‍

ഇക്കാര്യത്തില്‍ കെ.പി.സി.സി തലത്തില്‍ തിരക്കിട്ട ചര്‍ച്ചകളാണ് ഞായറാഴ്ച നടന്നത്. എല്ലാം രാഹുലിന് വിട്ട് മാറിനില്‍ക്കുന്നതിന് പകരം രണ്ടിലൊന്ന് തീരുമാനിച്ച് അനൗദ്യോഗികമായി എങ്കിലും അദ്ദേഹത്തെ അറിയിക്കണമെന്ന അഭിപ്രായവും പാര്‍ട്ടിയിലുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പുള്ള അവസാന സഭ സമ്മേളനമാണ് തിങ്കളാഴ്ച ആരംഭിക്കുന്നത്.

ജനകീയ വിഷയങ്ങളും ജനരോഷവും ഉയര്‍ത്തി സര്‍ക്കാറിനെ പ്രതിരോധത്തിലാക്കേണ്ട ഘട്ടത്തില്‍ സഭയിലെ രാഹുലിന്റെ സാന്നിധ്യം പ്രതിപക്ഷ നീക്കങ്ങളെ ദുര്‍ബലപ്പെടുത്തുമെന്ന അഭിപ്രായം പാര്‍ട്ടിയില്‍ ശക്തമാണ്.

രാഹുലിന് പ്രത്യേക ഇരിപ്പിടം
കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിലിന് നിയമസഭയില്‍ പ്രത്യേക ഇരിപ്പിടം അനുവദിക്കുമെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍. രാഹുലിനെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തതായും അദ്ദേഹത്തെ പ്രതിപക്ഷ ബ്ലോക്കില്‍നിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാവിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പ്രതിപക്ഷ നിരയിലെ അവസാന എം.എല്‍.എക്ക് ശേഷമായിരിക്കും രാഹുലിനുള്ള ഇരിപ്പിടം ക്രമീകരിക്കുക. രാഹുലിന്റെ പക്കല്‍നിന്ന് അവധി ഉള്‍പ്പെടെയുള്ള ഒരു അപേക്ഷയും ലഭിച്ചിട്ടില്ലെന്നും സ്പീക്കര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

അനുശോചനങ്ങളോടെ ആദ്യ ദിനം
ആദ്യദിനം മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, മുന്‍ സ്പീക്കര്‍ പി.പി. തങ്കച്ചന്‍, പീരുമേട് അംഗം വാഴൂര്‍ സോമന്‍ എന്നിവര്‍ക്ക് ചരമോപചാരമര്‍പ്പിച്ച് സഭ പിരിയുമെങ്കിലും തുടര്‍ന്നുള്ള ദിനങ്ങള്‍ സഭ പ്രക്ഷുബ്ധമാകുമെന്നുറപ്പ്.

പൊലീസ് സ്‌റ്റേഷനിലെ ക്രൂരമര്‍ദന ദൃശ്യങ്ങള്‍ പുറത്തുവന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സര്‍ക്കാറിനെതിരെ പ്രതിപക്ഷം ആയുധമാക്കുമ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായി ഉയര്‍ന്ന ആരോപണം തന്നെയായിരിക്കും ഭരണപക്ഷത്തിന്റെ പ്രധാന തിരിച്ചടിക്കുള്ള ആയുധം.

ഡോ. ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പുറത്തുവന്ന ആരോഗ്യ മേഖലയിലെ ‘സിസ്റ്റ’ത്തിലെ പാളിച്ച ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തിക്കൊണ്ടുവരുമെന്ന് ഉറപ്പാണ്.

ഒക്‌ടോബര്‍ 10 വരെ ഇടവേളകളെടുത്ത് മൂന്ന് ഘട്ടങ്ങളിലായി ആകെ 12 ദിവസമാണ് ഇത്തവണ സഭ ചേരുന്നത്. സെപ്റ്റംബര്‍ 15 മുതല്‍ 19 വരെയും 29, 30 തീയതികളിലും തുടര്‍ന്ന് ഒക്‌ടോബര്‍ ആറ് മുതല്‍ 10 വരെയുമാണ് സഭ സമ്മേളിക്കുന്ന ദിനങ്ങള്‍. പൂര്‍ണമായും നിയമനിര്‍മാണം അജണ്ടയാക്കിയാണ് സമ്മേളനം. ഒമ്പത് ദിനങ്ങളിലാണ് ബില്ലുകള്‍ പരിഗണിക്കുന്നതെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക