|
കണ്ണൂര്‍: കണ്ണൂരില്‍ കള്ളനോട്ട് പിടിച്ച സംഭവത്തില്‍ യുവതി കൂടി അറസ്റ്റില്‍. പാടിയോട്ടുചാല്‍ സ്വദേശിനിയും ഡ്രൈവിങ് സ്‌കൂള്‍ അധ്യാപികയുമായ പി.പി.ശോഭ (45)യാണ് അറസ്റ്റിലായത്. ടൗണ്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.സി.സുഭാഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച പുലര്‍ച്ചെയാണ് യുവതിയെ പിടികൂടിയത്. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസില്‍ പയ്യന്നൂര്‍ സ്വദേശി ഷിജുവിനെ(36) ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കൂട്ടുപ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. യുവതിയാണ് കള്ളനോട്ട് നല്‍കിയതെന്ന് പോലീസ് പറയുന്നു.
ശോഭ കഴിഞ്ഞദിവസം പാടിയോട്ടുചാലിലെ പെട്രോള്‍ പമ്പില്‍നിന്ന് വാഹനത്തില്‍ ഇന്ധനം നിറച്ചശേഷം 500 രൂപ നല്‍കിയിരുന്നു. പമ്പ് ജീവനക്കാരന് സംശയം തോന്നി പോലീസിനെ വിവരമറിയിച്ചു. ചീമേനി പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോള്‍ കണ്ണൂരില്‍നിന്ന് പിടിച്ച കള്ളനോട്ടുമായി ബന്ധമുണ്ടെന്ന് ബോധ്യമായി. ശോഭയുടെ പാടിയോട്ടുചാലിലെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 500 രൂപയുടെ കള്ളനോട്ടും നിരോധിച്ച 2,000, 1,000 രൂപയുടെ നോട്ടുകളും കണ്ടെടുത്തു. കിടപ്പുമുറിയിലുണ്ടായിരുന്ന പ്രിന്ററും ലാപ്‌ടോപ്പും കസ്റ്റഡിലെടുത്തു. ഇവര്‍ കാസര്‍കോട് ജില്ലയില്‍ ഡ്രൈവിങ് സ്‌കൂള്‍ നടത്തുന്നതായും വിവരം ലഭിച്ചു. കുറെനാളായി കുടുംബവുമായി പിണങ്ങി താമസിക്കുകയാണ്. കാസര്‍കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കള്ളനോട്ട് സംഘത്തിന്റെ താവളങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
ചൊവ്വാഴ്ച കണ്ണൂര്‍ തെക്കീബസാറിലെ ബാറില്‍ മദ്യപിച്ച ശേഷം ബില്ലടയ്ക്കാന്‍ കള്ളനോട്ട് നല്‍കിയതിനെ തുടര്‍ന്നാണ് പ്രവാസിയായ ഷിജു പിടിയിലായത്. 2,562 രൂപ ബില്‍ത്തുകയില്‍ 500 രൂപയുടെ അഞ്ച് കള്ളനോട്ടുകളും 100 രൂപയും ബില്‍ ഫോള്‍ഡറില്‍വെച്ച് കടന്നുകളയുകയായിരുന്നു. ബാര്‍ ജീവനക്കാരന്റെ പരാതിയില്‍ സിസിടിവി അടക്കം പരിശോധിച്ചാണ് ഷിജുവിനെ പൊലീസ് പിടികൂടുന്നത്.
ഇയാളുടെ പക്കല്‍ നിന്നും 500 രൂപയുടെ അഞ്ച് കള്ളനോട്ടുകളും പൊലീസ് കണ്ടെത്തി. മെക്കാനിക്കായ തനിക്ക് വര്‍ക്ക്‌ഷോപ്പില്‍ നിന്ന് കിട്ടിയ കൂലിയാണെന്നാണ് ആദ്യം ഇയാള്‍ പൊലീസിനോട് പറഞ്ഞത്. കൂടുതല്‍ ചോദ്യംചെയ്തപ്പോഴാണ് നല്‍കിയത് ശോഭയാണെന്ന് സമ്മതിച്ചത്.
Kerala Police bust fake currency note racket





