|
തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി കേരളത്തിൽ ഇന്ന് മുതല്‍ മഴ വിണ്ടും ശക്തമാകുന്നു. ശക്തമായ മഴയും ഇടിമിന്നലും ആണ് പ്രവചിച്ചിരിക്കുന്നത്.
ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉളളത്.
ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട് എന്നും അറിയിപ്പിൽ പറയുന്നു.
നാളെ നാലു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്.
നാളെയും മറ്റന്നാളും ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. കേരളാ തീരത്ത് കടല്‍ ക്ഷോഭത്തിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ആന്ധ്രാ – ഒഡിഷ തീരത്തിന് സമീപം ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് ഛത്തിസ്ഗഡിന് മുകളില്‍ ചക്രവാതചുഴിയായി ശക്തി കുറഞ്ഞത്. ഇതാണ് കേരളത്തിലെ കാലാവസ്ഥയെ സ്വാധീനിച്ചത്.
മൂന്നുദിവസത്ത മുന്നറിയിപ്പ്
ഇന്ന് (28/09/2024): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി
ഞായര്‍ (29/09/2024): പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍
തിങ്കള്‍ (30/09/2024): പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍
എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഇവിടെ പ്രവചിക്കപ്പെട്ടത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ശക്തമായ മഴ. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്.
മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം
30/09/2024 വരെ: തെക്കു പടിഞ്ഞാറന്‍ അറബിക്കടലിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങള്‍, അതിനോട് ചേര്‍ന്ന മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു.
ഇന്ന്: ഗള്‍ഫ് ഓഫ് മാന്നാര്‍, തമിഴ് നാട് തീരം, അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത നിലനില്‍ക്കുന്നു.





