26
Oct 2024
Wed
26 Oct 2024 Wed

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ ചട്ടങ്ങളിൽ മാറ്റം. ഇതുപ്രകാരം ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സരയിനം അഞ്ചാക്കി ചുരുക്കി. സംസ്കൃതോത്സവത്തിലും അറബിക് കലോത്സവത്തിലും അടക്കം ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനങ്ങളുടെ എണ്ണമാണ് രണ്ട് ​ഗ്രൂപ്പ് അടക്കം അഞ്ചാക്കിയത്. സ്കൂൾ തലം മുതൽ സംസ്ഥാന തലം വരെ മത്സര അപ്പീലിനു നൽകേണ്ട ഫീസ് ഇരട്ടിയാക്കുകയും ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉപജില്ലാ കലോത്സവ നടത്തിപ്പിനായി സ്കൂളുകളിൽ നിന്ന് നൽകേണ്ട വിഹിതവും ഉയർത്തിയിട്ടുണ്ട്.

ജനറൽ, സംസ്കൃതം, അറബിക് കലോത്സവങ്ങളിൽ ഓരോന്നിലും രണ്ട് ​ഗ്രൂപ്പ് ഇനങ്ങൾ അടക്കം പരമാവധി അഞ്ച് ഇനങ്ങളിലും മത്സരിക്കാമായിരുന്നു ഇതുവരെ. എന്നാൽ ഇനി മുതൽ എല്ലാ കലോത്സവങ്ങളിലുമായി മൂന്ന് വ്യക്തി​ഗത ഇനങ്ങളിലും 2 ​ഗ്രൂപ്പ് ഇനങ്ങളിലും മാത്രമാകും പങ്കെടുക്കാൻ കഴിയുക.

ഫീസ് ഘടന

കലോത്സവ മത്സരങ്ങൾ സംബന്ധിച്ച അപ്പീൽ നൽകുന്നതിനുള്ള ഫീസ് സ്കൂൾ തലത്തിൽ 500 രൂപ എന്നത് 1000 ആക്കിയാണ് ഉയർത്തിയത്. ഉപജില്ലാ തലത്തിൽ 1000 രൂപയിൽ നിന്ന് 2000 ആയും ജില്ലയിൽ 2000ത്തിൽ നിന്ന് 3000 രൂപ ആയും ഉയർത്തി. സംസ്ഥാന തലത്തിൽ അപ്പീൽ നൽകാനുള്ള ഫീസ് 2500ൽ നിന്ന് 5000 രൂപ ആക്കിയാണു ഉയർത്തിയത്. ജില്ലാതല അപ്പീലിലൂടെ സംസ്ഥാന കലോത്സവത്തിൽ കെട്ടിവെക്കേണ്ട നിരതദ്രവ്യം 5000ത്തിൽ നിന്ന് 10,000 രൂപയാക്കി. ജില്ലാതല വിജയിയേക്കാൾ ഉയർന്ന സ്കോർ ലഭിച്ചില്ലെങ്കിൽ തുക തിരിച്ചു ലഭിക്കുകയും ഇല്ല.

സംസ്ഥാന കലോത്സവത്തിൽ ജില്ലാതല അപ്പീലിലൂടെ എത്തുന്നവർക്ക് ജില്ലാതലത്തിൽ നിന്ന് ഒന്നാം സ്ഥാനം നേടിയെത്തിയ മത്സരാർഥിയേക്കാൾ മെച്ചപ്പെട്ട സ്കോർ ലഭിച്ചിരിക്കണം. എങ്കിൽ മാത്രമേ ​ഗ്രേഡിനും മറ്റ് ആനുകൂല്യങ്ങൾക്കും പരി​ഗണിക്കുകയുള്ളൂ. ജില്ലാതല വിജയിക്കൊപ്പം സ്കോർ നേടിയാലും മതിയായിരുന്നു എന്നതാണ് ഇതുവരെയുള്ള ചട്ടം.

അഞ്ച് പുതിയ മത്സര ഇനം

സ്കൂൾ മേളയിൽ അഞ്ച് പുതിയ മത്സര ഇനങ്ങളും ഉൾപ്പെടുത്തി. മം​ഗലം കളി, പണിയ നൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം, പളിയ നൃത്തം എന്നിവയാണ് പുതിയ ഇനങ്ങൾ. ജനുവരി ആദ്യ വാരം തിരുവനന്തപുരത്ത് വച്ചു ആണ് ഈ അധ്യയന വർഷത്തെ കലോത്സവം നടക്കുക.