തിരുവനന്തപുരം: ഒരു മാസത്തിലേറെ നീണ്ട പ്രചാരണ കോലാഹലങ്ങള്‍ക്കൊടുവില്‍ നാളെ കേരളം ബൂത്തിലേക്ക്. കൊടും ചൂടിനെ വെല്ലും വിധം ആവേശം വാനോളമുയര്‍ന്ന കൊട്ടിക്കലാശത്തിന് ശേഷം ഇന്ന് 20 മണ്ഡലങ്ങളിലും നിശ്ശബ്ദ പ്രചാരണം. സ്ഥാനാര്‍ഥികള്‍ ്അവസാന വോട്ടും ഉറപ്പിക്കാനുള്ള ഓട്ടപ്രദക്ഷിണത്തിലാണ്. ( Kerala to booth tomorrow; Candidates in the last race )
|
കോലാഹലങ്ങള്‍ ഇല്ലാതെ സ്ഥാനാര്‍ഥികള്‍ വീട് വീടാന്തരം കയറി വോട്ട് അഭ്യര്‍ഥിക്കുന്ന മണിക്കൂറുകളാണ് ഇനി. പോളിങ് സാമഗ്രികളുടെ വിതരണം നാളെ രാവിലെ ആരംഭിക്കും. 20 ലോക്‌സഭാ മണ്ഡലങ്ങളിലും ഇതിനായി പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കള്ളവോട്ട് തടയാനുള്ള പ്രത്യേക സംവിധാനവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തവണ ഒരുക്കിയിട്ടുണ്ട്.
8 ജില്ലകളില്‍ പൂര്‍ണമായും വെബ് കാസ്റ്റിംങ് ഏര്‍പ്പെടുത്തി.പ്രശ്‌നബാധിത ബൂത്തുകളില്‍ കേന്ദ്ര സേനയെ വിന്യസിക്കും. നാളെ രാവിലെ ഏഴുമണി മുതലാണ് പോളിങ് ആരംഭിക്കുക.
പൗരത്വ നിയമഭേദഗതി തൊട്ട് പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം വരെ നിറഞ്ഞുനിന്നതായിരുന്നു സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണം. ശൈലജ ടീച്ചറുടെ അശ്ലീല വീഡിയോ വിവാദവും രാഹുല്‍ ഗാന്ധിയും പിണറായിയും തമ്മിലുള്ള വാക് പോരും പ്രചാരണത്തിന്റെ അവസാന ദിനങ്ങളെ ചൂട് പിടിപ്പിച്ചു. സമസ്തയിലെ ഒരു വിഭാഗം എല്‍ഡിഎഫിനെ പിന്തുണച്ചതായിരുന്നു പരസ്യപ്രചാരണത്തിന്റ അവസാന ദിവസങ്ങളിലെ പ്രധാനപ്പെട്ട രാഷ്ട്രീയ നീക്കങ്ങളില്‍ ഒന്ന്.
ന്യൂനപക്ഷ വോട്ടുകളെ കേന്ദ്രീകരിച്ചിട്ടുള്ള എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും പ്രചാരണം എത്രത്തോളം ഗുണം ചെയ്യുമെന്ന് കാത്തിരുന്നു തന്നെ കാണണം.





