തിരുവനന്തപുരം: തുടര്‍ച്ചയായി ചുട്ടുപൊള്ളി കേരളം. ചൂട് അതി കഠിനമാകാന്‍ സാധ്യതയുള്ള മൂന്ന് ജില്ലകളില്‍ ഇന്ന് ഉഷ്ണ തരംഗ മുന്നറിയിപ്പ്. കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് ഇന്ന് ഉഷ്ണ തരംഗ സാധ്യതയുള്ളതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ( Kerala Weather update: Heat wave likely in three districts today )
|
പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും ചൂട് ഉയര്‍ന്നേക്കും. കോഴിക്കോട്, കണ്ണൂര്‍, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസര്‍ഗോഡ്, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലും താപനില ഉയരാന്‍ സാധ്യത ഉണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
സാധാരണയേക്കാള്‍ മൂന്നു മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരാനാണ് സാധ്യത. അതേസമയം സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ വേനല്‍ മഴ തുടരും. ഇന്നും നാളെയും എട്ട് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. മെയ് ഒന്ന്, രണ്ട് തീയതികളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട് വയനാട് ജില്ലകളിലും മഴക്ക് സാധ്യതയുണ്ട്.
അങ്കണവാടികള്‍ക്ക് അവധി
സംസ്ഥാനത്തെ അങ്കണവാടി കുട്ടികള്‍ക്ക് ഒരാഴ്ച്ച അവധി. ഉഷ്ണ തരംഗം കാരണമാണ് വനിതാ ശിശുവികസന വകുപ്പിന്റെ തീരുമാനം. അങ്കണവാടികളുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ പതിവ് പോലെ നടക്കും. ഈ കാലയളവില്‍ കുട്ടികള്‍ക്ക് നല്‍കേണ്ട സപ്ലിമെന്ററി ന്യൂട്രീഷ്യന്‍ വീടുകളിലെത്തിക്കുമെന്നും അറിയിച്ചു.
സൂര്യാഘാതം: ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
സൂര്യാഘാതവും സൂര്യാതപവും ഏല്‍ക്കാന്‍ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാാം, അതിനാല്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. പകല്‍ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക. ശരീരത്തില്‍ നേരിട്ട് വെയിലേല്‍ക്കുന്ന എല്ലാതരം പുറം ജോലികളും, കായിക വിനോദങ്ങളും, മറ്റ് പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായും നിര്‍ത്തി വെക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിര്‍ദ്ദേശം നല്‍കി.
ധാരാളമായി വെള്ളം കുടിക്കുക. അത്യാവശ്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക. കായികാദ്ധ്വാനമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ഇടവേളകള്‍ എടുത്തും വിശ്രമിച്ച് കൊണ്ടും മാത്രം ജോലിയില്‍ ഏര്‍പ്പെടുക. നിര്‍ജലീകരണം ഉണ്ടാക്കുന്ന മദ്യം, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, ചായ കാപ്പി എന്നിവ പകല്‍ സമയത്ത് പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.





