ലണ്ടൻ: വാരീസ് ദേ പഞ്ചാബ് നേതാവ് അമൃത്പാൽ സിങ്ങിനെതിരായ പഞ്ചാബ് പൊലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ഒരു വിഭാഗം സിഖുകാർ ഇന്ത്യൻ പതാക വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചു. ജനക്കൂട്ടം ലണ്ടനിലെ ഇന്ത്യൻ ഹൈക്കമീഷൻ ഓഫീസിന് മുമ്പിൽ സ്ഥാപിച്ചിരുന്ന ദേശീയ പതാക അഴിച്ചുമാറ്റി.
|
വാരിസ് പഞ്ചാബ് ദേ തലവനായ അമൃത്പാൽ സിംഗിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച സംഭവത്തിൽ പ്രതിഷേധിച്ചാണ് ലണ്ടനിൽ ഒരു സംഘം പ്രതിഷേധം നടത്തിയത്. ഇതിനിടെയാണ് ഹൈക്കമീഷൻ കെട്ടിടത്തിന്റെ മുകളിൽ കയറിയ ഒരാൾ ഇന്ത്യൻ പതാക അഴിച്ചുമാറ്റിയത്.
അമൃത്പാൽ സിങ്ങിനും അദ്ദേഹത്തിന്റെ അനുയായികൾക്കുമെതിരായ നടപടിക്കെതിരെ ഞായറാഴ്ച വൈകിട്ടാണ് ഒരു വിഭാഗം സിഖുകാർ പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധക്കാർ കെട്ടിടത്തിൽ കയറുന്നതും ഇന്ത്യൻ പതാക അഴിച്ചുമാറ്റുന്നതും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോകളിൽ കാണാം.
ഇതേത്തുടർന്ന് വിദേശകാര്യ മന്ത്രാലയം ന്യൂഡൽഹിയിലെ ബ്രിട്ടീഷ് നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ പരിസരത്ത് മതിയായ സുരക്ഷ ഒരുക്കാത്തത് തികച്ചും അപലപനീയമാണെന്ന് ഇന്ത്യ വ്യക്തമാക്കി. സുരക്ഷാ വീഴ്ച അംഗീകരിക്കാൻ ആവില്ലെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യൻ ഹൈക്കമ്മീഷനെതിരെയുള്ള വിഘടനവാദികളുടെ നടപടിയിൽ രാജ്യത്തിന്റെ ശക്തമായ പ്രതിഷേധം അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. വിയന്ന കൺവൻഷൻ കരാറിന്റെ ലംഘനമാണ് ബ്രിട്ടൺ നടത്തിയിരിക്കുന്നത്. ഇന്ത്യൻ നയതന്ത്ര സ്ഥാപനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷയിൽ യുകെ സർക്കാരിന്റെ നിസ്സംഗത അംഗീകരിക്കാനാകില്ല. സുരക്ഷാ അഭാവത്തിന് വിശദീകരണം നൽകണമെന്നും സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രസ്താവനയിൽ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്‌സ് എല്ലിസ് സംഭവത്തെ അപലപിച്ചു. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെ നടന്ന പ്രതിഷേധത്തെയും അതോടനുബന്ധിച്ചുള്ള പ്രവൃത്തികളെയും അപലപിക്കുന്നതായി അലക്‌സ് എല്ലിസ് ട്വീറ്റ് ചെയ്തു.
UK 🚨: BUNCH OF KHALISTANIS TAKE DOWN INDIAN NATIONAL FLAG AT THE INDIAN HIGH COMMISSION. #Khalistan #Punjab #AmritpalSingh #India pic.twitter.com/7rfuAAcqkf
— Arunima Dey (@ArunimaDey17) March 19, 2023


