|
തൃശ്ശൂർ: BJP നേതാക്കൾ പ്രതിയായ കൊടുങ്ങല്ലൂർ കള്ളനോട്ടടി കേസിലെ മുഖ്യപ്രതി ജാമ്യത്തിലിറങ്ങി വീണ്ടും തട്ടിപ്പ് നടത്തി അറസ്റ്റിലായി. ഒരു കോടി രൂപ ലോണ്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് 10 ലക്ഷത്തോളം രൂപ തട്ടിയ കേസില്‍ തൃശൂര്‍ പനങ്ങാട് അഞ്ചാംപരത്തി എറാശ്ശേരി വീട്ടില്‍ ഇഎച്ച് രാജീവിനെയാണ് മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. കൂടുതല്‍ പണം തട്ടിയെടുക്കുന്നതിനായി പദ്ധതി തയ്യാറാക്കുന്നതിനിടെ കല്‍പ്പറ്റ പുതിയ സ്റ്റാന്‍ഡ് പരിസരത്ത് നിന്നുമാണ് ഇയാളെ കസ്റ്റഡിയിലെടുക്കുന്നത്.
മേപ്പാടി സ്വദേശിയുടെ പരാതിയിലാണ് നടപടി. ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലായാണ് പല തവണകളിലായി 9,90250 രൂപ ഇയാള്‍ തട്ടിയെടുക്കുന്നത്. ഒരു കോടി രൂപ ലോണ്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു രാജീവ് വീണ്ടും തട്ടിപ്പ് നടത്തിയത്.
മതിലകം, കൊടുവള്ളി, അന്തിക്കാട്, കൊടുങ്ങല്ലൂര്‍ സ്റ്റേഷനുകളില്‍ കള്ളനോട്ട് കേസുകളിലെ പ്രതിയാണ് ഇയാള്‍. ഈ കേസുകളില്‍ ഇയാള്‍ ജാമ്യത്തിലിറങ്ങിയാണ് വീണ്ടും പുതിയ തട്ടിപ്പ് നടത്തിയത്.
നേരത്തേ കള്ളനോട്ട് കേസിൽ രാജീവിനൊപ്പം സഹോദരൻ കൂടിയായ ബിജെപി പ്രവർത്തകൻ ജിത്തു രാകേഷും അറസ്റ്റിൽ ആയിരുന്നു.
ഒരുകോടി അറുപത്തയ്യായിരം രൂപയുടെ കള്ളനോട്ടാണ് പ്രതികളിൽ നിന്നും പിടിച്ചെടുത്തത്. ബൈക്കിൽ നിന്നും വീണ ജിത്തു ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് കള്ളനോട്ട് പിടികൂടിയത്.
ചികിത്സയുടെ ബില്ലടച്ചത് ഒരു ലക്ഷതി ഇരുപത്തായ്യായിരം രൂപയാണ്. ഇത് പരിശോധിച്ചപ്പോഴാണ് കള്ളനോട്ടാണെന്ന് തിരിച്ചറിഞ്ഞത്. ആശുപത്രി നൽകിയ പരാതിയിൽ പോലീസ് കേസെടുക്കുകയായിരുന്നു.
പ്രതികളെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നുവെന്നാണ് ബിജെപി പറയുന്നത്.





