26
Nov 2023
Thu
26 Nov 2023 Thu

കൊല്ലം തട്ടിക്കൊണ്ടുപോകല്‍ കേസ്: നാലാംദിനവും പ്രതികളെ കുറിച്ച് വിവരമില്ല; നൂറോളം നീല കാറുകള്‍ നിരീക്ഷണത്തില്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: കൊല്ലം ഓയൂരില്‍ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഘത്തെ നാലാംനാളും കണ്ടെത്താനാകാതെ പൊലീസ്. പ്രതികളുടെ സഞ്ചാരപാത കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. സംഭവവുമായി ബന്ധപ്പെട്ട് നഗരത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെമുതല്‍ ഉച്ചവരെ കടന്നുപോയ നൂറോളം നീല കാറുകള്‍ നിരീക്ഷണത്തിലാണ്. ഇതില്‍ ഭൂരിഭാഗം കാറുകളുടെയും ഉടമകളെ ഫോണില്‍ ബന്ധപ്പെട്ടു. ചിലരെ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി തുടങ്ങി. ഫോണ്‍ വഴി ബന്ധപ്പെടാന്‍ കഴിയാത്തവരുടെ വീടുകളില്‍ നേരിട്ടെത്താന്‍ അതത് സ്‌റ്റേഷനുകളില്‍ നിര്‍ദേശം നല്‍കി.

ഇവര്‍ ഒരു സംഘം മാത്രമാണോ, അതോ ഒന്നിലധികം സംഘങ്ങള്‍ ഉണ്ടായിരുന്നോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. പലയിടങ്ങളില്‍ ഒരേ സമയം സമാനമായ കാറുകള്‍ കണ്ട പശ്ചാത്തലത്തില്‍ പ്രതികള്‍ അന്വേഷണ സംഘത്തെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നതായും സംശയമുണ്ട്. ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സ്ത്രീയെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. അതിനിടെ മറ്റൊരു കുട്ടിയെ കൂടി സംഘം ലക്ഷ്യമിട്ടിരുന്നോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. തിങ്കളാഴ്ച രാത്രി പ്രതികള്‍ കുട്ടിയുമായി തങ്ങിയത് കൊല്ലം നഗരത്തിലെന്നാണ് സൂചന.

തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ ആരാണെന്നും എന്താണ് ലക്ഷ്യമെന്നും ഇപ്പോഴും അജ്ഞാതമായി തുടരുന്നത് പൊലീസിന് തലവേദന സൃഷ്ടിക്കുകയാണ്. പ്രതികള്‍ സഞ്ചരിച്ച ഒരു വെള്ളകാര്‍ മാത്രമാണ് ഇപ്പോഴും അന്വേഷണ സംഘത്തിനു മുന്നിലെ പിടിവള്ളി. ചിറക്കര ചാത്തന്നൂര്‍ റൂട്ടില്‍ പോയതായുള്ള ദൃശ്യങ്ങളാണ് കഴിഞ്ഞദിവസം അവസാനം കിട്ടിയത്. ഇന്നലെ ചിറക്കരയില്‍ നിന്നും കാര്‍ ബ്ലോക്ക് മരം ജംഗ്ക്ഷനിലേക്കും പിന്നെ പരവൂര്‍ പാരിപ്പള്ളി ഭാഗങ്ങളിലേക്കും പോകുന്നതിന്റയും സിസിടിവി ദൃശ്യങ്ങള്‍ കിട്ടി. പക്ഷെ സഞ്ചാരപഥം കൃത്യമല്ല. സംഘത്തില്‍ എത്രപേര്‍ ഉണ്ട് എന്നതിലും വ്യക്തതയില്ല. രണ്ടു സ്ത്രീകളുണ്ടെന്നാണ് പൊലീസിന്റെ് സംശയം. സിസിടിവി ദൃശ്യം വഴി അന്വേഷണം നടക്കാനിടയുള്ളതിനാല്‍ വഴി തെറ്റിച്ച് പല സ്ഥലങ്ങളിലൂടെ മാറിമാറി സംഘം പോയതായും സംശയമുണ്ട്.

സംഭവത്തില്‍ പ്രതികള്‍ കേരളം വിടാന്‍ സാധ്യതയില്ലെന്നും പ്രതികളെ പൊലീസ് ഉടന്‍ പിടികൂടുമെന്നും മന്ത്രി പി.രാജീവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ട്. അന്വേഷണം ശരിയായ ദിശയില്‍ തന്നെയാണ് പോകുന്നതെന്നും മന്ത്രി പറഞ്ഞു.