28
Aug 2024
Thu
28 Aug 2024 Thu
kollam private bank manager held for murder plot

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊല്ലം: കാറിടിച്ച് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചത് കൊലപാതകമെന്നു പൊലീസ് സ്ഥിരീകരിച്ചതിന് പിന്നാലെ സംഭവത്തില്‍ തെളിഞ്ഞത് നീണ്ട ആസൂത്രണം. 80 ലക്ഷം രൂപയുടെ നിക്ഷേപമുള്ള പാപ്പച്ചനെ സ്വകാര്യ ബാങ്ക് മാനേജര്‍ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തതാണെന്നും വ്യക്തമായി. സ്വകാര്യ ബാങ്കിലെ വനിത മാനേജരായ സരിതയാണ് പണം തട്ടിയെടുക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത്. സരിതയും ക്വട്ടേഷന്‍ ഏറ്റെടുത്ത അനിമോനും കസ്റ്റഡിയിലായി. ഇവരെ പോലീസ് ചോദ്യംചെയ്തുവരികയാണ്.

പാപ്പച്ചന്റെ മരണം റോഡ് അപകടമാണെന്ന നിഗമനത്തില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ ഒരുങ്ങുമ്പോഴാണു ഞെട്ടിക്കുന്ന വസ്തുതകള്‍ പുറത്തുവന്നത്. വിരമിക്കല്‍ ആനുകൂല്യമായി കിട്ടിയ പണം സ്വകാര്യ ബാങ്കില്‍ സ്ഥിരനിക്ഷേപമായി ഇട്ടിരുന്ന പാപ്പച്ചന്‍ ബാങ്കിലെ ജീവനക്കാരുമായി നല്ല ബന്ധത്തിലായിരുന്നു. എന്നാല്‍ പാപ്പച്ചന്‍ കുടുംബവുമായി നല്ല ബന്ധത്തിലല്ല എന്ന വിവരം മാനേജര്‍ അടക്കമുള്ളവര്‍ക്ക് അറിയാമായിരുന്നു.

പാപ്പച്ചന്‍ മരിച്ചാല്‍ തുക ചോദിച്ച് ആരും വരില്ലെന്ന് വ്യക്തമായി മനസ്സിലാക്കിയാണ് സരിത പദ്ധതികള്‍ ആസൂത്രണം ചെയ്തത്. അനിമോന്‍ വാടകയ്‌ക്കെടുത്ത കാര്‍ പാപ്പച്ചന്‍ ഓടിച്ച സൈക്കിളിലേക്ക് ഇടിച്ചു കയറ്റിയാണ് അപകടം ഉണ്ടാക്കിയത്. ആശ്രാമം മൈതാനത്തിനു തൊട്ടടുത്ത ഇടവഴിയില്‍ ആയിരുന്നു അപകടം. സ്ഥിരമായി സൈക്കിള്‍ മാത്രം ഉപയോഗിച്ചിരുന്ന ആളാണു പാപ്പച്ചന്‍. ഇതറിഞ്ഞാണ് സരിത കൊലപാതകം ആസൂത്രണംചെയ്തത്.

ബിഎസ്എന്‍എല്‍ റിട്ട. ഡിവിഷനല്‍ എന്‍ജിനീയറായ സി.പാപ്പച്ചന്‍ മേയ് 26നാണ് മരിച്ചത്. സരിത 40 ലക്ഷം രൂപ തട്ടിയെടുത്തതു പാപ്പച്ചന്‍ ചോദ്യം ചെയ്തിരുന്നു. പ്രശ്‌നപരിഹാരത്തിനായി പാപ്പച്ചനെ വിളിച്ചുവരുത്തുകയും കാറിടിപ്പിച്ചു കൊല്ലുകയുമായിരുന്നു.

കൊലപാതകത്തില്‍ ബാങ്ക് മാനേജര്‍ സരിത, ക്വട്ടേഷന്‍ ഏറ്റെടുത്ത അനിമോന്‍ എന്നിവരടക്കം നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിന് ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. പാപ്പച്ചനെ കാറിടിച്ച് കൊലപ്പെടുത്താന്‍ അനിമോന്‍ ആദ്യം ചോദിച്ചത് രണ്ടു ലക്ഷം രൂപയായിരുന്നു. പിന്നീട് പടിപാടിയായി വിലപേശി 18 ലക്ഷം രൂപയായി നിശ്ചയിക്കുകയായിരുന്നു. കൊല്ലം ഈസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

kollam private bank manager held for murder plot