30
May 2023
Fri
30 May 2023 Fri

മലപ്പുറം: കൊണ്ടോട്ടി മാപ്പിളകലാ അക്കാദമി മുന്‍ സെക്രട്ടറിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ റസാഖ് പയമ്പ്രോട്ടിനെ (57) പുളിക്കല്‍ ഗ്രാമപഞ്ചായത്ത് ഓഫിസിന്റെ വരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇദ്ദേഹത്തിന്റെ മൂത്തസഹോദരന്റെ മരണത്തിന് ഉത്തരവാദികളായ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ നടപടിയെടുക്കാന്‍ പഞ്ചായത്ത് വിസമ്മതിച്ചതിലുള്ള മനോവിഷമമാണു കാരണമെന്നാണ് സൂചന. പഞ്ചായത്തിന് റസാഖ് നല്‍കിയ പരാതികളുടെ ഫയല്‍ മൃതദേഹത്തിനു സമീപം കണ്ടെത്തി. ഇന്നലെ രാത്രി പഞ്ചായത്ത് മന്ദിരത്തിലെത്തി തൂങ്ങിമരിച്ചതാണെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നു രാവിലെയാണ് ജഡം കണ്ടത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍മൂലമാണ് ഇദ്ദേഹത്തിന്റെ സഹോദരന്‍ ഏതാനും മാസം മുന്‍മ്പ് മരിച്ചത്. വീടിനു തൊട്ടടുത്തുള്ള മാലിന്യ സംസ്‌കരണ പ്ലാന്റിലെ പുക ശ്വസിച്ചതാണ് ആരോഗ്യം മോശമാകാന്‍ കാരണമെന്നാരോപിച്ച്, പരാതികള്‍ പഞ്ചായത്ത് അധികൃതര്‍ അവഗണിക്കുകയാണെന്നു പറഞ്ഞു റസാഖ് പലവട്ടം പത്രസമ്മേളനങ്ങള്‍ നടത്തിയിരുന്നു. പഞ്ചായത്തിന്റെ മറുപടി പത്രസമ്മേളനങ്ങളും ഉണ്ടായിരുന്നു. സിപിഎം അനുഭാവിയായ റസാഖും ഭാര്യയും സ്വന്തം വീടും സ്ഥലവും ഇഎംഎസ് സ്മാരകം പണിയാനായി പാര്‍ട്ടിക്ക് എഴുതിക്കൊടുത്തതാണ്. ഇവര്‍ക്കു മക്കളില്ല. സിപിഎം ഭരിക്കുന്ന പഞ്ചായത്താണു പുളിക്കല്‍.

തിരക്കഥാകൃത്ത് ടി.എ. റസാഖിന്റെ ഭാര്യാസഹോദരനാണ്. റസാഖ്, കൊണ്ടോട്ടി ടൈംസ് എന്ന സായാഹ്ന ദിനപത്രവും ലോക്കല്‍ കേബിള്‍ടിവി ചാനലും നടത്തിയിരുന്നു. മാപ്പിളകലാഅക്കാദമി അംഗമാണ്.