27
Apr 2024
Thu
27 Apr 2024 Thu
mannanthala blast sasikala teacher

തിരുവനന്തപുരം: തിരുവനന്തപുരം മണ്ണന്തലയില്‍ യുവാക്കളുടെ നാലംഗസംഘം നാടന്‍ബോംബ് നിര്‍മിച്ചത് എന്തിനെന്നതിനെക്കുറിച്ച് ദുരൂഹത തുടരുന്നു. പോലീസിനെ ആക്രമിക്കാന്‍ ബോംബ് നിര്‍മിക്കുന്നതിനിടയിലാണ് മണ്ണന്തലയില്‍ സ്‌ഫോടനമുണ്ടായതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. എന്നാല്‍, ബോംബ് നിര്‍മാണത്തെ ന്യായീകരിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല ടീച്ചര്‍ പരസ്യമായി രംഗത്തെത്തിയത് പ്രതികള്‍ക്ക് സംഘപരിവാര ബന്ധമുണ്ടെന്ന ആരോപണം ശരിവയ്ക്കുകയാണ്. ( kp-shashikala-reaction-on-mannanthala-blast )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

”തിരുവനന്തപുരത്ത് ഇന്നലെ ഒരു സംഘ പുത്രന്‍ കൈദാനി ആയിട്ടുണ്ട്. എന്തേ സംഘികള്‍ ഇങ്ങനെ നശിക്കുമ്പോള്‍ ടീച്ചര്‍ക്ക് വിഷമമില്ലേ?” എന്നായിരുന്നു ചോദ്യം. ”ആണോ? നന്നായി, അമ്പലനടയില്‍ കെട്ടിത്തൂക്കി പച്ചക്ക് കത്തിക്കാന്‍ വരുന്നവനെ നേരിടണമല്ലോ?” എന്നാണ് ശശികല ഇതിന് മറുപടി പറയുന്നത്. സ്‌കൂള്‍കുട്ടികളുടെ ധാര്‍മികബോധം ഇല്ലാതാകുന്നത് സംബന്ധിച്ച ഫേസ്ബുക്ക് പോസ്റ്റിന് താഴെ സ്ഫോടനത്തക്കുറിച്ച് ചോദിച്ച ഒരു കമന്റിന് മറുപടിയായാണ് ശശികലയുടെ പ്രതികരണം.

സ്‌ഫോടനത്തില്‍ പതിനേഴുകാരന്റെ കൈപ്പത്തി അറ്റുപോവുകയും മറ്റൂ മൂന്നു പേര്‍ക്ക് കാലിനും ഇടുപ്പിനും കൈപ്പത്തിക്കും മറ്റും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ബോംബ് നിര്‍മിക്കാനായി രണ്ടു ബൈക്കുകളിലാണ് യുവാക്കള്‍ സംഭവ സ്ഥലത്തെത്തിയത്. നഗരത്തില്‍ നിന്ന മാറി മലമുകളിലാണ് ഈ പ്രദേശം. ഇവിടെ ഏറ്റവും ഉയരമുള്ള സ്ഥലത്ത് വച്ചാണ് ബോംബ് നിര്‍മാണം നടന്നത്. അപകടമുണ്ടായില്ലെങ്കില്‍ സംഭവം പുറത്തറിയുമായിരുന്നില്ല. അനിരുദ്ധിന് ഇരു കൈപ്പത്തികളും നഷ്ടമായപ്പോള്‍ അനിജിത്ത്, അഖിലേഷ്, കിരണ്‍ എന്നിവരുടെ കൈപ്പത്തികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്.

പ്രതികള്‍ സ്‌ഫോടനത്തിന് പിന്നാലെ ഓട്ടോറിക്ഷ വിളിച്ചാണ് തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലേക്കു പോയത്. പാചകവാതകം ചോര്‍ന്ന് തീപിടിച്ച് പൊള്ളലേറ്റുവെന്നാണ് ഓട്ടോഡ്രൈവറോട് ഇവര്‍ പറഞ്ഞത്. പിന്നീട് സ്ഫോടനശബ്ദം കേട്ട് എത്തിയവരാണ് വിവരം മണ്ണന്തല പോലീസില്‍ അറിയിച്ചത്. വിശദമായ അന്വേഷണത്തിനൊടുവില്‍ നാലുപേരെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഇവര്‍ക്കെതിരെ മോഷണം, കഞ്ചാവ് വില്‍പ്പന, പെട്രോള്‍ പമ്പ് ജീവനക്കാരനെ ആക്രമിച്ച സംഭവം, സ്‌ഫോടക വസതു നിയമവിരുദ്ധമായി കൈകാര്യം ചെയ്യല്‍ അടക്കമുള്ള കേസുകള്‍ ഉണ്ട്. ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് പ്രതികളുടെ വീട്ടില്‍ കഴിഞ്ഞദിവസം പോലീസ് എത്തിയിരുന്നു. ഇതിന്റെ പ്രതികാരത്തില്‍ പോലീസിനെ ആക്രമിക്കാന്‍ ഒരുങ്ങുകയായിരുന്നു പ്രതികളെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നത്.

ആശുപത്രിയില്‍ ചികിത്സയിലുള്ള പ്രതികളെയും കസ്റ്റഡിയിലുള്ളവരെയും പൊലീസ് വിശദമായി ചോദ്യം ചെയ്യും. സ്‌ഫോടക വസ്തു നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. സ്‌ഫോടനം നടന്ന സ്ഥലത്ത് ഫോറന്‍സിക് സംഘം എത്തി തെളിവെടുപ്പ് നടത്തും. പ്രതികള്‍ക്ക് മറ്റ് ആരുടെയെങ്കിലും സഹായം കിട്ടിയോ എന്ന് അടക്കമുള്ള കാര്യങ്ങളും പൊലീസ് അന്വേഷിക്കും. അതേ സമയം, പ്രതികളുടെ രാഷ്ട്രീയ ബന്ധം സംബന്ധിച്ച് പോലീസ് തികഞ്ഞ മൗനം പാലിക്കുകയാണ്. പരിക്കേറ്റ അഖിലേഷ് നേരത്തേയും ബോംബ് നിര്‍മാണ് കേസില്‍ പ്രതിയായിരുന്നു. ഈ ബോംബ് നിര്‍മിച്ചത് സംഘപരിവാരത്തിന് വേണ്ടിയാണന്ന് പറയപ്പെടുന്നു.