30
Mar 2023
Sat
30 Mar 2023 Sat

കോഴിക്കോട്: മുൻ സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസയെ മുസ്‌ലിം ലീഗിൽ നിന്ന് പുറത്താക്കിയത് ഗുരുതരമായ അച്ചടക്കലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി. അന്വേഷണ വിധേയമായി പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും ഹംസയെ പാർട്ടി സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. അച്ചടക്ക സമിതിയുടെ ശുപാർശയിൽ ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളാണ് ഹംസയ്‌ക്കെതിരെ നടപടിയെടുത്തത്. പ്രവർത്തക സമിതിയിൽ പി.കെ കുഞ്ഞാലിക്കുട്ടിയെ കെ.എസ് ഹംസ രൂക്ഷമായി വിമർശിച്ചതിലും നേരത്തെ നടപടിയെടുത്തിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇ.ഡിയെ ഭയന്ന് മോദിയെയും വിജിലൻസിനെ ഭയന്ന് വിജയനെയും പേടിച്ച് കഴിയുകയാണ് കുഞ്ഞാലിക്കുട്ടി എന്നായിരുന്നു കെ.എസ് ഹംസയടക്കമുള്ളവരുടെ വിമർശനം. ക്ഷുഭിതനായ കുഞ്ഞാലിക്കുട്ടി പ്രതിപക്ഷ ഉപനേതാവ് സ്ഥാനം രാജിവെക്കാൻ സന്നദ്ധത അറിയിച്ചിരുന്നു. മുസ്ലിം ലീഗിന്റെ പാർലമെന്ററി പാർട്ടി നേതാവ് ഭരണപക്ഷത്താണോ അതോ പ്രതിപക്ഷത്താണോ എന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹംസ ചർച്ച തുടങ്ങിയത്. പാർട്ടിയെ നിഷ്‌ക്രിയമാക്കി രാഷ്ട്രീയ ഹിജഡകളെ വളർത്താൻ ശ്രമിക്കരുത് തുടങ്ങി കടുത്ത വാക്കുകളുമായി ഹംസ കത്തിക്കയറിയപ്പോൾ പി.കെ കുഞ്ഞാലിക്കുട്ടി ക്ഷുഭിതനായി എഴുന്നേറ്റു. ഇതോടെ യോഗം നടന്ന ഹോട്ടൽമുറി ബഹളത്തിൽ മുങ്ങി.

കൊച്ചിയിലെ ഹോട്ടലിലെ യോഗം രാത്രി ഏഴരക്കാണ് അവസാനിച്ചത്. 15 മിനിറ്റോളം ബഹളത്തിൽ മുങ്ങിയ യോഗം പിന്നീട് സാദിഖലി തങ്ങൾ ഇടപെട്ടാണ് നിയന്ത്രിച്ചത്. കെ.എസ് ഹംസയെയും കുഞ്ഞാലിക്കുട്ടിയും അടുത്തേക്ക് വിളിച്ച തങ്ങൾ ഇരുവരെയും ഹസ്തദാനം ചെയ്യിച്ചാണ് പിരിഞ്ഞത്. എന്നാൽ യോഗത്തിൽ നടന്ന കാര്യങ്ങൾ മാധ്യമങ്ങളിൽ വാർത്തയായി വന്നു. ഇത് ബോധപൂർവം മാധ്യമങ്ങൾക്ക് നൽകിയതാണ് എന്നതും ഇതിൽ ഗുരുതരമായ വീഴ്ച സംഭവിച്ചു എന്നുമാണ് പാർട്ടി വിലയിരുത്തൽ.