01
Sep 2023
Tue
01 Sep 2023 Tue

വഴിയില്‍ ഇറക്കിവിടാനുള്ള ശ്രമം തടഞ്ഞു, അഷ്‌റഫിന് വേണ്ടി മാത്രം KSRTC തിരികെ ഓടിയത് 16 കിലോമീറ്റര്‍, ജീവനക്കാര്‍ക്ക് എതിരെ കേസ്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങേണ്ട യാത്രക്കാരനെ രാത്രി വഴിയില്‍ ഇറക്കി വിടാനുള്ള ശ്രമം പാളിയതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസ് ഒരൊറ്റ യാത്രക്കാരന് വേണ്ടി തിരികെ ഓടിച്ചത് 16 കിലോമീറ്റര്‍ ദൂരം. യാത്രക്കാരന്‍ ചമ്പകശേരി ഞാറക്കാട്ടില്‍ എന്‍എ അഷ്‌റഫിന്റെ പരാതിയില്‍ ഡ്രൈവര്‍ രവീന്ദ്രന്‍, കണ്ടക്ടര്‍ അനില്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. ട്രിപ്പ് മുടക്കിയും മറ്റു യാത്രക്കാരെ വേറെ ബസില്‍ അയക്കുകയും ചെയ്ത ശേഷം അങ്കമാലി സ്റ്റാന്‍ഡില്‍നിന്ന് ബസ് അഷ്‌റഫിനെയും വഹിച്ച് ആലുവയിലേക്ക് തിരികെ ഓടി.

ശനിയാഴ്ച രാത്രി 10ന് കളമശേരി അപ്പോളോ ജങ്ഷനില്‍നിന്ന് തൃശൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസില്‍ കയറിയ അഷ്‌റഫ് ആലുവ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലേക്കാണ് ടിക്കറ്റെടുത്തത്. എന്നാല്‍, സ്റ്റാന്‍ഡിലേക്ക് ബസ് പോയില്ല. പകരം ദേശീയപാതയില്‍ പുളിഞ്ചോട് ജങ്ഷനില്‍ ഇറങ്ങാനായിരുന്നു കണ്ടക്ടറുടെ നിര്‍ദേശം.

സ്റ്റാന്‍ഡിലല്ലാതെ ഇറങ്ങില്ലെന്ന് അഷ്‌റഫ് നിലപാടെടുത്തെങ്കിലും ബസ് ജീവനക്കാര്‍ അയഞ്ഞില്ല. അഷ്‌റഫിനെയും കൊണ്ട് ബസ് യാത്ര തുടര്‍ന്നു. അങ്കമാലി ഡിപ്പോയില്‍ എത്തിയപ്പോള്‍ കൂടുതല്‍ കെഎസ്ആര്‍ടിസി ജീവനക്കാരെത്തി അനുനയിപ്പിച്ചും ഭീഷണിപ്പെടുത്തിയും ഇറക്കിവിടാന്‍ ശ്രമിച്ചുവെങ്കിലും അഷ്‌റഫ് വഴങ്ങിയില്ല. ഒടുവില്‍ ബസ് ട്രിപ് മുടക്കി തിരിച്ചോടി അഷ്‌റഫിനെ രാത്രി 1.30ന് ആലുവ സ്റ്റാന്‍ഡില്‍ എത്തിക്കുകയായിരുന്നു.

ഇതിന് പിന്നാലെയാണ് അഷ്‌റഫ് പൊലിസില്‍ പരാതി നല്‍കിയത്. യാത്രക്കാരനോട് അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.