|
അഹ്‌മദാബാദ്; 2002 ഗുജറാത്ത് വംശഹത്യക്കിടെ മുസ്ലിംകളെ കൂട്ടക്കൊല ചെയ്ത കേസിലെ 22 പ്രതികളെ കോടതി വെറുതെ വിട്ടു. ദിയോള്‍ ഗ്രാമത്തില്‍ മുസ്ലിം സമുദായത്തില്‍പ്പെട്ട രണ്ട് കുട്ടികളടക്കം 17 പേരെ കൊലപ്പെടുത്തിയ കേസിലാണ് 22 പേരെ അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ഹര്‍ഷ് ത്രിവേദി വെറുതെ വിട്ടത്. ഗുജറാത്തിലെ പഞ്ച്മഹല്‍ ജില്ലയിലെ ഹലോള്‍ ടൗണിലെ സെഷന്‍സ് കോടതിയാണ് തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ വെറുതെ വിട്ടത്. കുറ്റപത്രത്തില്‍ 22 പ്രതികളുടെ പേരാണുണ്ടായിരുന്നത്. ഇതില്‍ എട്ട് പേര്‍ വിചാരണ കാലത്ത് തന്നെ മരിച്ചിരുന്നു.
ബാക്കിയുള്ള 14 പേരെയാണ് ചൊവ്വാഴ്ച കുറ്റവിമുക്തരാക്കിയത്. കൊലപാതകം നടന്ന് രണ്ടുവര്‍ഷത്തിന് ശേഷമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 2002ല്‍ നടന്ന സംഭവത്തില്‍ 2004ലാണ് പ്രതികളെ പോലിസ് അറസ്റ്റ് ചെയ്തത്. കേസില്‍ ഗുജറാത്ത് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് 2004 മുതല്‍ എല്ലാ പ്രതികളും പുറത്തായിരുന്നു. കേസില്‍ നൂറിലധികം സാക്ഷികളെയാണ് വിസ്തരിച്ചത്. കേസില്‍ നിരവധി സാക്ഷികള്‍ കൂറുമാറുകയും ചെയ്തിരുന്നു.
17 മുസ്ലിംകളെ കൊലപ്പെടുത്തി തെളിവ് നശിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെ അവരുടെ ശരീരം കത്തിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്. കുറ്റാരോപിതര്‍ക്കെതിരേ മതിയായ തെളിവുകള്‍ ശേഖരിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല.



