കണ്ണൂര്‍: പെരിങ്ങത്തൂരിലെ വീടിന്റെ കിണറ്റില്‍ വീണ പുലി ചത്തു. കിണറ്റില്‍ നിന്ന് പുറത്തെത്തിച്ച പുലിയെ വൈദ്യപരിശോധനയ്ക്കായി കണ്ണവത്തേക്ക് മാറ്റിയിരുന്നു. കൂട്ടിലാക്കി അല്പ സമയത്തിനകമായിരുന്നു മരണം. പിടികൂടുമ്പോള്‍ തന്നെ പുലിയുടെ ആരോഗ്യനില അതീവ മോശമായിരുന്നു. എട്ട് മണിക്കൂര്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവിലായിരുന്നു പുലിയെ പുറത്തെടുത്തത്. പുലിയുടെ പോസ്റ്റുമോര്‍ട്ടം നാളെ വയനാട്ടില്‍ നടക്കും.
|
മയക്കുവെടി വെച്ചതിനു ശേഷമാണ് പുലിയെ പുറത്തെത്തിച്ചത്. കിണറ്റില്‍ കിടക്കുന്ന പുലിയെ ആദ്യം വലയില്‍ കുരുക്കി പുറത്തേക്ക് ഉയര്‍ത്തുകയായിരുന്നു. തുടര്‍ന്ന് മയക്കുവെടി വെച്ച് പാതി മയക്കത്തിലാണ് കൂട്ടിലേക്ക് മാറ്റിയത്.
അണിയാരത്തെ സുനീഷിന്റെ വീട്ടിലെ കിണറ്റിലാണ് ഇന്നലെ രാവിലെ 9.30 ഓടെ പുള്ളിപ്പുലിയെ കണ്ടെത്തിയത്. തുടര്‍ന്ന് വീട്ടുകാര്‍ വനം വകുപ്പിനെ അറിയിക്കുകയായിരുന്നു. പുലിയ പുറത്തെടുക്കാന്‍ വയനാട്ടില്‍ നിന്നാണ് പ്രത്യേക സംഘം എത്തിയിരുന്നു. വെറ്റിനറി ഡോക്ടര്‍ ഡോ അജേഷ് മോഹന്‍ദാസിന്റെ നേതൃത്വത്തിലാണ് ദൗത്യം നടക്കുന്നത്.
ഇന്നലെ രാത്രിയോടെയാണ് പുലി കിണറ്റില്‍ വീണത്. പുലിയ്ക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ പുലിയെ മയക്കുവെടി വെച്ച് കൂട്ടിലേക്ക് മാറ്റിയ ശേഷം ആരോഗ്യസ്ഥിതി മോശമാകുകയായിരുന്നു. വയനാട്ടില്‍ നിന്നുള്ള ഡോക്ടര്‍ അജേഷ് മോഹന്‍ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുലിയെ മയക്കുവെടിവെച്ച് പിടികൂടിയത്.
വനാതിര്‍ത്തിയില്‍ നിന്നും 20 കിലോമീറ്ററോളം സഞ്ചരിച്ചാണ് പുലി പെരിങ്ങത്തൂരിലെ ജനവാസമേഖലയിലെത്തിയത്. രാത്രി കിണറ്റില്‍ വീണെന്നാണ് നിഗമനം. രാവിലെ 9.30ന് പുലിയെ കണ്ടെത്തിയതോടെ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. എന്നാല്‍ വൈകിട്ട് നാലരയോടെയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിക്കാനായത്. എട്ട് മണിക്കൂര്‍ വൈകി ആരംഭിച്ച രക്ഷാപ്രവര്‍ത്തനം പക്ഷേ ഒരു മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കാനായി. രണ്ടരമീറ്ററിലധികം വെള്ളമുണ്ടായിരുന്ന കിണര്‍ വറ്റിച്ച ശേഷമാണ് ദൗത്യം ആരംഭിച്ചത്. വല ഉപയോഗിച്ച് ആദ്യം പുലിയെ പകുതിയോളം ഉയര്‍ത്തി. ഇതിന് ശേഷം മയക്കുവെടി വെയ്ക്കുകയായിരുന്നു. എന്നാല്‍ ഇത് പരാജയപ്പെട്ടതോടെ മയക്കുമരുന്ന് കുത്തിവെക്കുകയായിരുന്നു. തുടര്‍ന്ന് പാതിമയങ്ങിയ പുലിയെ പുറത്തെടുത്ത് വാഹനത്തിലൊരുക്കിയ കൂട്ടിലേക്ക് മാറ്റി. കൂട്ടിലേക്ക് കയറ്റിയ വയനാട്ടിലേക്ക് പോകുംവഴിയാണ് പുലി ചത്തത്.





