കൊച്ചി: പെരുമ്പാവൂരില്‍ ലോണ്‍ ആപ്പുകളുടെ കെണിയില്‍കുടുങ്ങി ആരതി എന്ന യുവതി ആത്മഹത്യ ചെയ്തതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഉത്തരേന്ത്യന്‍ ഓണ്‍ലൈന്‍ ലോണ്‍ ആപ് സംഘത്തിന്റെ ഭീഷണിയെത്തുടര്‍ന്നാണ് ഇവര്‍ ജീവനൊടുക്കിയത്.
|
ലോണ്‍ എടുക്കുന്നതിനുവേണ്ടിയുള്ള പ്രോസസിങ് ഫീസ് തിരികെ ചോദിച്ചതോടെയാണ് യുവതിയെ ലോണ്‍ ആപ്പ് മാഫിയാ സംഘം ഭീഷണിപ്പെടുത്തിയത്. ഈസി ലോണ്‍, ഇന്‍സ്റ്റ ലോണ്‍ തുടങ്ങി അഞ്ച് ലോണ്‍ ആപ്പുകളാണ് ആരതി ഉപയോഗിച്ചിരുന്നത്. ലോണ്‍ ആപ് സംഘത്തെയെല്ലാം പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേക സംഘമാകും ഇക്കാര്യത്തില്‍ തുടര്‍നടപടി കൈക്കൊള്ളുക.
ഓണ്‍ലൈന്‍ റമ്മികളിച്ച് സാമ്പത്തിക നേട്ടമുണ്ടായതാണ് ആരതിയെ ലോണ്‍ ആപ്പുകളിലേക്ക് എത്തിച്ചത്. റമ്മി കളിച്ച് ആദ്യം പണം ലഭിച്ചു. പിന്നീട് പണം നഷ്ടപ്പെടാന്‍ തുടങ്ങിയതോടെ ഓണ്‍ലൈന്‍ ആപ്പിലൂടെ പണം കടമെടുത്തു. 10,000 ല്‍ താഴെ മാത്രം രൂപയാണ് ആരതി ലോണെടുത്തത്. ഒരു ലക്ഷം രൂപയുടെ ലോണിനു പിന്നീട് ശ്രമിച്ചു. പ്രോസസിങ് ഫീസായി 10,000 രൂപ നല്‍കിയെങ്കിലും ലോണ്‍ ലഭിച്ചില്ല. ഈ പണം തിരിച്ചു ചോദിച്ചതോടെയാണ് ഭീഷണി സന്ദേശം ലഭിച്ചതെന്നും പോലിസ് കണ്ടെത്തി.
പ്രോസ്സസിങ് ഫീസ് ചോദിച്ചപ്പോള്‍ നേരത്തെയെടുത്ത ലോണുകള്‍ പെട്ടെന്ന് അടച്ചുതീര്‍ക്കാനാണ് ആവശ്യപ്പെട്ടത്. പിന്നാലെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ ആരതിയുടെ ഫോണിലെത്തി. ഇത് ഭര്‍ത്താവിനും മറ്റുള്ളവര്‍ക്കും അയ്ചചുകൊടുക്കുമെന്ന് കൂടി പറഞ്ഞതോടെയാണ് ആരതി ജീവനൊടുക്കിയത്. ഫോണിലെ ഗ്യാലറിയിലെ ഉള്‍പ്പടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് അനുമതി നല്‍കിയാലെ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയൂ. ഇക്കാരണത്താല്‍ ആരതിയുടെ ഫോണിലെ ചിത്രങ്ങളും കോണ്‍ടാക്‌സ് നമ്പറുകളും എല്ലാം ലോണ്‍ ആപ്പുകാര്‍ക്ക് ലഭിച്ചിരുന്നു.
ആരതിയുടെ ഭര്‍ത്താവിന് ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകളെക്കുറിച്ച് അറിയില്ലായിരുന്നു. റമ്മി കളിച്ച് പണം ലഭിച്ചെന്ന് മാത്രമാണ് ആരതി പറഞ്ഞിരുന്നത്. പ്രദേശവാസികളില്‍ നിന്നും യുവതി പണം കടംവാങ്ങിയതായും കണ്ടെത്തി.
കണിച്ചാട്ടുപാറ അരുവാപ്പാറ കുരിയപ്പുറം വീട്ടില്‍ ആരതിയെയാണ് (31) ചൊവ്വാഴ്ച കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് അയല്‍വാസികളോട് സംസാരിച്ച ശേഷം വീട്ടിലേക്കു പോയതാണ്. മാതാപിതാക്കള്‍ക്കും മക്കള്‍ക്കും ഭക്ഷണം എടുത്തു നല്‍കിയ ശേഷം കിടപ്പുമുറിയില്‍ കയറിയ ആതിര വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ആരതിയുടെ മക്കളായ ദേവദത്തിന് 7 വയസ്സും ദേവസൂര്യയ്ക്ക് രണ്ടര വയസ്സുമാണ്. ആതിരയുടെ ഭര്‍ത്താവ് അനീഷ് സൗദി അറേബ്യയില്‍ ജോലി ചെയ്യുകയാണ്. 2 മാസം മുന്‍പാണ് അവധി കഴിഞ്ഞ് സൗദിയിലേക്കു മടങ്ങിയത്. ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കൊപ്പമാണ് ആതിരയും മക്കളും താമസിച്ചിരുന്നത്. മരണവിവരം അറിഞ്ഞ് ഭര്‍ത്താവ് അനീഷ് ഇന്നലെ പുലര്‍ച്ചെ നാട്ടിലെത്തി.
Aarathi is addicted to rummy games after hanging herself in loan app trap





