മലപ്പുറം: കിണറ്റില്‍ വീണ് മരിച്ച എട്ടുവയസ്സുകാരന്റെ മൃതദേഹം വരിസംഖ്യ അടക്കാത്തതിനാല്‍ ഖബറടക്കാന്‍ അനുവദിച്ചില്ലെന്ന് മഹല്ല് കമ്മിറ്റിക്കെതിരേ ആരോപണം. കഴിഞ്ഞദിവസം കാരാത്തോട് ഇന്‍കല്‍ വ്യവസായ സിറ്റിയിലെ ജലസംഭരണിയില്‍ വീണ് റിയാജ് മൊല്ല എന്ന എട്ടു വയസ്സുകാരന് മരണപ്പെട്ടിരുന്നു. ഇതര സംസ്ഥാന തൊഴിലാളി ആയ മിഹിറാജുല് മൊല്ലയുടെ മകനാണ് റിയാജുല്‍ മൊല്ല.
|
കുട്ടിയുടെ മൃതദേഹം പഠിച്ചിരുന്ന സ്കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചതിനുശേഷം മുതുവത്തുപറമ്പ് മസ്ജിദില്‍ നൂറില്‍ കബറടക്കാന്‍ തീരുമാനിച്ചു. എന്നാല്‍ മിഹ്റാജുല്‍ മുല്ലയോ അയാളുടെ തൊഴിലുടമയോ പള്ളിയില്‍ വരിസംഖ്യ അടക്കുന്നില്ല എന്നും അതുകൊണ്ട് മൃതദേഹം കബറടക്കാന്‍ അനുവദിക്കില്ല എന്നുമായിരുന്നു മഹല്ല് കമ്മിറ്റിയുടെ നിലപാടെന്ന് സമീപവാസികള്‍ ആരോപിക്കുന്നു.
മഹല്ല് കമ്മിറ്റിയെ കുറിച്ചോ വരിസംഖ്യയെ കുറിച്ചോ ഒരു പിടിപാടും ഇല്ലാത്ത പാവപ്പെട്ട ഉത്തരേന്ത്യന്‍ തൊഴിലാളി അയാളുടെ കുഞ്ഞുമകന് മരിച്ച വേദനയില്‍ നില്‍ക്കുമ്പോഴാണ് മൃതദേഹം കബറടക്കാന്‍ അനുവദിക്കില്ലെന്ന് മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ വിധി പ്രസ്താവിച്ചതെന്നാണ് വിമര്‍ശനമുയരുന്നത്. കബറടക്കത്തിന് പള്ളിയിലേക്ക് എടുക്കുന്നതിന് മിനിറ്റുകള്‍ക്കു മുമ്പാണ് മഹല്ല് അധികൃതര്‍ ഖബറടക്കാന്‍ അനുവദിക്കില്ലെന്ന് നിലപാടെടുത്തത്. തുടര്‍ന്ന് തൊട്ടടുത്ത മഹല്ലിലാണ് കുട്ടിയുടെ ഖബറടക്കം നിര്‍വഹിച്ചത്.
കഴിഞ്ഞ ദിവസം വളാഞ്ചേരിയിലെ ഒരു ഗൃഹനാഥന് അഞ്ചുവര്‍ഷമായി മഹല്ല് കമ്മിറ്റി തുടരുന്ന ഊരു വിലക്കിനെതിരെ പോലീസില്‍ പരാതി കൊടുത്തിട്ടും നടപടി ഇല്ലാത്തതിന്റെ പേരില്‍ വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി ആത്മഹത്യയ്ക്ക് ശ്രമിച്ചതും വാര്‍ത്തയായിരുന്നു.
മിക്ക പ്രദേശങ്ങളിലും പ്രദേശവാസികള്‍ക്കും പാവപ്പെട്ടവര്‍ക്കും അത്താണിയാണ് മഹല്ല് കമ്മിറ്റികള്‍. എന്നാല്‍, അപൂര്‍വ്വം ചില മഹല്ലുകളിലുണ്ടാകുന്ന ഇത്തരം പ്രവണതകള്‍ ബന്ധപ്പെട്ട മതനേതൃത്വം ഇടപെട്ട് തിരുത്തണമെന്ന ആവശ്യമാണ് പരിസരവാസികള്‍ ഉന്നയിക്കുന്നത്.


