23
Feb 2023
Wed
23 Feb 2023 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭോപ്പാൽ: സംസ്ഥാനത്തെ മദ്യശാലകളെല്ലാം അടച്ചുപൂട്ടി സ്ഥലത്ത് പശുത്തൊഴുത്ത് ഉയരണമെന്ന് മുതിർന്നബി.ജെ.പി നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ഉമാഭാരതി. മധ്യ പ്രദേശിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവരുന്നുണ്ടെന്നും അതിന് കാരണം മദ്യം ആണെന്നുംചൂണ്ടിക്കാട്ടിയാണ് ഉമാഭാരതി ഇങ്ങനെ പറഞ്ഞത്.വർധിച്ചുവരുന്ന മദ്യപാനമാണ് ഇത്തരം അതിക്രമങ്ങൾക്ക് വഴിവെക്കുന്നത്. അതു കൊണ്ട് നിയമങ്ങൾ ലംഘനം നടത്തുന്ന മദ്യശാലകൾ പശുകേന്ദ്രങ്ങളാക്കി മാറ്റണമെന്ന് ഉമാ ഭാരതി പറഞ്ഞു. ഭോപ്പാലിലെ ഒരു ക്ഷേത്രത്തിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

മദ്യ ഔട്ട്‌ലെറ്റുകൾക്ക് പകരം പശു സംരക്ഷണം ‘മധുശാല മേ ഗൗശാല’ എന്ന പരിപാടി ആരംഭിക്കുമെന്നും പ്രഖ്യാപനം നടത്തി. സർക്കാരിന്റെ പുതിയ മദ്യനയത്തെ കുറിച്ച് കഴിഞ്ഞ ദിവസം ഭാരതി പറഞ്ഞിരുന്നു. ഭോപ്പാലിൽ നിന്ന് 350 കിലോമീറ്റർ അകലെയുള്ള നിവാരി ജില്ലയിലെ ഓർച്ചയിലെ പ്രശസ്തമായ രാംരാജ സർക്കാർ ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഒരു മദ്യശാല നിയമവിരുദ്ധമാണെന്ന് ഭാരതി മാധ്യമങ്ങളോട് പറഞ്ഞു. തുടർന്നാണ് മദ്യനയത്തിന് കാത്തുനിൽക്കാതെ ചട്ടങ്ങൾ ലംഘിച്ച് നടത്തുന്ന മദ്യശാലകൾ പശുസംരക്ഷണ കേന്ദ്രങ്ങളാക്കി മാറ്റണമെന്ന പരാമർശം നടത്തിയത്. കൂടാതെ ഓർച്ചായിലെ അനധികൃത മദ്യശാലയ്ക്ക് പുറത്ത് 11 പശുക്കളെ ഏർപ്പാടാക്കാൻ താൻ ആളുകളോട് പറഞ്ഞിട്ടുണ്ടെന്നും ഉമഭാരതി കൂട്ടിച്ചേർത്തു.

ശീരാമന്റെ പേര് പറഞ്ഞ് സർക്കാരുകൾ രൂപീകരിക്കപ്പെടുന്നു. എന്നാൽ ഓർച്ചയിലെ രാംരാജ സർക്കാർ ക്ഷേത്രത്തിന് സമീപം ഒരു മദ്യശാല വരാൻ അനുവദിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാന്ത്രികത കൊണ്ടാണ് ബി.ജെ.പി തെരഞ്ഞെടുപ്പിൽ വിജയിക്കുന്നത്. ജനാധിപത്യത്തിൽ ജനങ്ങൾക്ക് തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്. വളരെ മോശവും താരതമ്യേന ഭേദപ്പെട്ടതുമായത് മുന്നിലുണ്ടാകുമ്പോൾ ജനങ്ങൾ രണ്ടാമത്തേത് തെരഞ്ഞെടുക്കുന്നു. അതൊരു നേട്ടമല്ല. സർക്കാർ രൂപീകരിക്കുക എന്നത് വലിയ കാര്യമല്ലെന്നും ഉമാഭാരതി പറഞ്ഞു. ഏതാനുംനാളുകളായി പാർട്ടി നേതൃത്വവുമായി ഉടക്കിനിൽക്കുന്ന ഉമാ ഭാരതി ബി.ജെ.പിക്കും സർക്കാരിനും തലവേദനസൃഷ്ടിക്കുന്ന പ്രസ്താവനകൾ നടത്തുന്നുമുണ്ട്.