26
May 2024
Sat
26 May 2024 Sat
fake news asianet

കോഴിക്കോട്: ചാനല്‍ ജീവനക്കാരിയെ ഉപയോഗിച്ച് വ്യാജവാര്‍ത്ത നിര്‍മിച്ച സംഭവത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിനെതിരേ കുറ്റപത്രം സമര്‍പ്പിച്ചു. പോക്‌സോ കേസിലെ ഇരയെന്ന വ്യാജേനയാണ് ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാരിയുടെ മകളെ ഉപയോഗിച്ച് വീഡിയോ നിര്‍മിച്ചത്. ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, റസിഡന്റ് എഡിറ്റര്‍ കെ ഷാജഹാന്‍, റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫ്, ഏഷ്യാനെറ്റ് ജീവനക്കാരിയായ പെണ്‍കുട്ടിയുടെ അമ്മ, വീഡിയോ എഡിറ്റര്‍ വിനീത് ജോസ്, കാമറാമാന്‍ വിപിന്‍ മുരളീധരന്‍ എന്നീ ആറ് പേരാണ് കേസില്‍ പ്രതികള്‍. ( Making fake news: Charge sheet against six people of Asianet )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ക്രിമിനല്‍ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, വ്യാജ ഇലക്ട്രോണിക് രേഖ ചമയ്ക്കല്‍, തെളിവു നശിപ്പിക്കല്‍ ഉള്‍പ്പടെയുള്ള വകുപ്പുകളാണ് കുറ്റപത്രത്തിലുള്ളത്.

ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചശേഷമാണ് ക്രൈംബ്രാഞ്ച് അസി. കമീഷണര്‍ വി സുരേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷകസംഘം കോഴിക്കോട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി (പോക്സോ പ്രത്യേക കോടതി)യില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

ഏഷ്യാനെറ്റിന്റെ കോഴിക്കോട് ബ്യൂറോയില്‍നിന്നാണ് വാര്‍ത്ത ചിത്രീകരിച്ചതെന്നും ജീവനക്കാരിയുടെ മകളെ ഇതിനായി ഉപയോഗിച്ചതായും അന്വേഷണ സംഘം കണ്ടെത്തി. കോഴിക്കോട് ഫോറന്‍സിക് ലാബിലെ ശാസ്ത്രീയ പരിശോധനയിലൂടെയാണ് ഇത് തെളിയിച്ചത്.

2023 ഒക്ടോബറിലാണ് ഏഷ്യാനെറ്റ് വ്യാജ വീഡിയോ നിര്‍മിച്ചത്. അഭിമുഖത്തില്‍ യഥാര്‍ഥ ഇരയ്ക്കുപകരം മറ്റൊരു കുട്ടിയെ ചിത്രീകരിച്ചതാണ് കേസിനാധാരം. ഏഷ്യാനെറ്റ് ജീവനക്കാര്‍ ഉള്‍പ്പെടെ എഴുപതോളം പേരുടെ മൊഴി അന്വേഷക സംഘം ശേഖരിച്ചു. കൂടാതെ കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കുകള്‍ ഉള്‍പ്പെടെ ഇലക്ട്രോണിക് ഉപകരണങ്ങളും കസ്റ്റഡിയിലെടുത്തിരുന്നു.