17
Aug 2024
Thu
17 Aug 2024 Thu
mammootty sn swami thilakan

നടന്‍ മമ്മൂട്ടിയെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വരുന്ന ആരോപണങ്ങളെല്ലാം വസ്തുതാ വിരുദ്ധമെന്ന് തിരക്കഥാകൃത്ത് എസ്.എന്‍.സ്വാമി.(Mammootty suggested Thilakan for ‘Nerariyan CBI’-SN Swami)  നാല്‍പതിലധികം സിനിമകള്‍ മമ്മൂട്ടിയോടൊപ്പം ചെയ്തിട്ടുള്ള തനിക്ക് മമ്മൂട്ടിയുടെ സ്വഭാവം കൃത്യമായി അറിയാം. തിലകനെ സിനിമയില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ ശ്രമിച്ചതായുള്ള ആരോപണങ്ങള്‍ തെറ്റാണെന്നും എസ് എന്‍ സ്വാമി വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘നേരറിയാന്‍ സിബിഐ’ എന്ന തന്റെ സിനിമയില്‍ കാപ്ര എന്ന കഥാപാത്രമായി തിലകനെ വിളിക്കണമെന്ന് പറഞ്ഞത് മമ്മൂട്ടി ആണെന്ന് സ്വാമി പറഞ്ഞു. തിലകന് സിനിമയില്‍ വിലക്കുള്ള സമയമായതിനാല്‍ തനിക്കും കെ. മധുവിനും അദ്ദേഹത്തെ വിളിക്കുന്നതിനെക്കുറിച്ച് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ തിലകന്‍ തന്നെ ആ കഥാപാത്രം ചെയ്യണമെന്ന് മമ്മൂട്ടി നിര്‍ബന്ധം പിടിക്കുകയായിരുന്നു. താന്‍ തന്നെ തിലകനെ വിളിച്ച് സമ്മതിപ്പിക്കാം എന്ന് മമ്മൂട്ടി പറയുകയും ചെയ്തു. മാധ്യമ വാര്‍ത്തകള്‍ കേട്ട് വേദന തോന്നിയതുകൊണ്ടാണ് തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ തുറന്നു പറയുന്നതെന്നും സ്വാമി വിശദീകരിച്ചു.

ALSO READ: അവസരത്തിന് മകൾ അഡ്ജസ്റ്റ്‌ ചെയ്യുന്നതിൽ തെറ്റില്ലെന്ന് കരുതുന്ന അമ്മമാരുണ്ട്,പവർ ഗ്രൂപ്പിൻ്റെ ഭാഗമായ നടിമാർക്ക് മുന്തിയ പരിഗണന

‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത് മുതല്‍ കുറെ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലും പത്രമാധ്യമങ്ങളിലും കാണുന്നുണ്ട്. റിപ്പോര്‍ട്ട് വന്നതിനു ശേഷം പലരും പല കഥകള്‍ പറയുന്നുണ്ട്. അതില്‍ ഞാന്‍ ശ്രദ്ധിച്ച ഒരു കാര്യം മമ്മൂട്ടിയെക്കുറിച്ച് വന്ന ചില ന്യൂസുകളാണ്. മമ്മൂട്ടി തിലകനെതിരെ പ്രവര്‍ത്തിച്ചു എന്നും അദ്ദേഹത്തെ വര്‍ക്ക് ചെയ്യാന്‍ അനുവദിച്ചില്ല എന്നും പലരും പറയാതെ പറയുന്നത് കേട്ടു. പക്ഷേ മമ്മൂട്ടിയെക്കുറിച്ചു വരുന്ന ആ കഥകളൊന്നും ശരിയല്ല. മമ്മൂട്ടി എന്ന മനുഷ്യന്റെ മനസ്സും സ്വഭാവവും എന്റത്രയും ആര്‍ക്കും അറിവുണ്ടാകില്ല. ഞാന്‍ അദ്ദേഹത്തിനൊപ്പം നാല്‍പതിലധികം സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ളതാണ്. എന്തുണ്ടെങ്കിലും ഞങ്ങള്‍ തമ്മില്‍ സംസാരിക്കാറുണ്ട്.

നേരറിയാന്‍ സി ബി ഐ എന്ന എന്റെ പടത്തിന്റെ കഥ ചര്‍ച്ച ചെയ്തുകൊണ്ടിരുന്നപ്പോള്‍ ഞങ്ങള്‍ സീന്‍ ബൈ സീന്‍ ആയി വായിച്ചുകൊണ്ടിരിക്കുകയാണ്. ഞാനും മമ്മൂട്ടിയും ഒരുമിച്ചിരുന്നാണ് സീന്‍ വായിക്കുക. എനിക്ക് അറിയാത്ത പല പോയിന്റും ഞാന്‍ പുള്ളിയോട് ചോദിക്കും പുള്ളി പറഞ്ഞു തരും. ആ സിനിമയില്‍ കാപ്ര എന്നൊരു കഥാപാത്രമുണ്ട്. അത് തിലകന്‍ ആണ് ചെയ്തത്. തിലകന് ആ സമയത്ത് വിലക്ക് നേരിട്ടുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തെ വിളിച്ചാല്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടാകുമോയെന്നും ആ കഥാപാത്രത്തിനോട് സാമ്യമുള്ള ഒന്നാണ് മണിച്ചിത്രത്താഴിലെതെന്നും ഉള്ളതു കൊണ്ട് ഞങ്ങള്‍ക്ക് സംശയം ഉണ്ടായിരുന്നു. പക്ഷേ കഥ വായിച്ചു കഴിഞ്ഞ് മമ്മൂട്ടി ആദ്യം പറഞ്ഞത് ഈ കഥാപാത്രത്തെ തിലകന്‍ തന്നെ അവതരിപ്പിക്കണം എന്നാണ്. ആരും പറഞ്ഞില്ലെങ്കില്‍ ഞാന്‍ വിളിച്ചു പറയാം എന്ന് അദ്ദേഹമാണ് പറഞ്ഞത്. അങ്ങനെ പറയുന്ന ഒരാളാണ് മമ്മൂട്ടി. ആ മമ്മൂട്ടി തിലകനെ ഒഴിവാക്കാന്‍ പറഞ്ഞു എന്നൊക്കെ പറയുന്നത് എന്ത് വാസ്തവവിരുദ്ധമാണ്.’ സ്വാമി പറഞ്ഞു.

പ്രഫഷനല്‍ ആയ ഒരു കലാകാരനാണ് ‘മമ്മൂട്ടി. അദ്ദേഹം ഒരാളെ വേണ്ട എന്ന് പറയുമെന്ന് എനിക്ക് ചിന്തിക്കാന്‍ പോലും പറ്റുന്നില്ല. ഇത്രയും സിനിമയില്‍ പ്രവര്‍ത്തിച്ചിട്ട് ഒരാളെപ്പോലും മമ്മൂട്ടി മാറ്റിനിര്‍ത്തിയതായി എനിക്ക് അറിയില്ലെന്നും എസ് എന്‍ സ്വാമി കൂട്ടിച്ചേര്‍ത്തു.