ഇസ് ലാമാബാദ്: ഖുര്‍ആനെ അവഹേളിച്ചതിന് പിടിയിലായ യുവാവിനെ പൊലീസ് സ്റ്റേഷനില്‍ കയറി തല്ലിക്കൊന്നു. പാകിസ്താനിലെ പഞ്ചാബിലാണ് സംഭവം. മുഹമ്മദ് വാരിസ് എന്നയാളാണ് കൊല്ലപ്പെട്ടത്.
|
മതനിന്ദ നടത്തിയതിന് മുഹമ്മദ് വാരിസിനെ പൊലീസ് പിടികൂടി സ്റ്റേഷനിലെത്തിക്കുകയായിരുന്നു. അതേസമയം പൊലീസ് സ്റ്റേഷന്റെ ഗേറ്റ് ചാടി അകത്തുകയറിയ ജനക്കൂട്ടം മുഹമ്മദ് വാരിസിനെ വലിച്ച് പുറത്തിറക്കുകയും വിവസ്ത്രനാക്കിയ ശേഷം തല്ലിക്കൊല്ലുകയുമായിരുന്നു. ശനിയാഴ്ചയാണ് സംഭവം.
യുവാവിനെതിരായ ആക്രമണം തടയുന്നതില്‍ പരാജയപ്പെട്ട പൊലീസ് സര്‍ക്കിള്‍ ഡപ്യൂട്ടി സൂപ്രണ്ട് നവാസ് വരഖിനും വര്‍ബുര്‍തന്‍ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫിസറായ ഫിറോസ് ഭാട്ടിയെയും സസ്‌പെന്‍ഡ് ചെയ്തു. വിഷയത്തില്‍ അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിഐജി അടക്കമുള്ളവര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും എന്തുകൊണ്ടാണ് യുവാവിനെ തല്ലിക്കൊല്ലുന്നതില്‍ നിന്ന് അക്രമാസക്തരായ ജനക്കൂട്ടത്തെ തടയാതിരുന്നതെന്നും പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ചോദിച്ചു.
വിഷയത്തില്‍ 48 മണിക്കൂറിനകം വസ്തുതാന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഇതിനായി രൂപീകരിച്ച മൂന്നംഗസമിതിക്ക് പഞ്ചാബ് മുഖ്യമന്ത്രി സയ്യിദ് മുഹ്‌സിന്‍ റാസ നഖ് വി നിര്‍ദേശം നല്‍കി.



