01
Nov 2023
Sun
01 Nov 2023 Sun

മകളെ പീഡിപ്പിച്ചെന്ന വ്യാജ പോക്സോ കേസില്‍ ഒന്നരവർഷം ജയിലിൽ കഴിഞ്ഞ പിതാവിനെ കോടതി കുറ്റവിമുക്തനാക്കി.ഹരിദ്വാറിൽ ആണ് സംഭവം.
ഭാര്യ ആണ് ഭർത്താവിനെതിരെ സ്വത്തിനുവേണ്ടി കള്ളക്കേസ് നൽകിയത്. ഇക്കാര്യം ബോധ്യപ്പെട്ടതോടെയാണ് കോടതി പ്രതിയെ കുറ്റവിമുക്തനാക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംശയാതീതമായി കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കോടതി പറഞ്ഞു. കുറ്റകൃത്യം നടന്ന തീയതി പോലും എഫ്.ഐ.ആറില്‍ പരാമര്‍ശിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
2021 നവംബര്‍ 18-നാണ് ഹരിദ്വാറിലെ മംഗ്ലൗര്‍ പൊലീസ് ഭാര്യയുടെ പരാതിയില്‍ 43കാരനെതിരേ കേസെടുത്തത്. പതിനഞ്ചുവയസ്സുള്ള മകളെ ഭര്‍ത്താവ് പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു ഇവരുടെ പരാതി.

ഒരുമാസത്തോളം താന്‍ സഹോദരന്റെ വീട്ടിലായിരുന്നു. കുട്ടികള്‍ ഭര്‍ത്താവിനൊപ്പമാണ് താമസിച്ചിരുന്നത്. ഈ സമയത്താണ് മൂത്തമകളെ ഭര്‍ത്താവ് പലതവണ പീഡിപ്പിച്ചതെന്നായിരുന്നു യുവതിയുടെ പരാതി.
സംഭവത്തില്‍ യുവതിയുടെ പരാതി സാധൂകരിക്കുന്ന മൊഴിയാണ് മകളും നല്‍കിയത്. പിതാവ് പീഡിപ്പിച്ചെന്നും സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും 15-കാരി പൊലീസിനോട് വെളിപ്പെടുത്തി. ഇതോടെയാണ് പൊലീസ് പിതാവിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ഒടുവില്‍ കോടതിയിലെ വിചാരണയ്ക്കിടെ സംഭവം കള്ളക്കേസാണെന്ന് തെളിയുകയായിരുന്നു.

ദമ്പതിമാര്‍ തമ്മിലുള്ള സ്വത്തുതര്‍ക്കമാണ് വ്യാജ പീഡനക്കേസിന് കാരണമായതെന്നാണ് വിചാരണയില്‍ കണ്ടെത്തിയത്. മാത്രമല്ല, വൈദ്യപരിശോധനയില്‍ ലൈംഗികാതിക്രമം നടന്നതിന്റെ തെളിവുകളും ലഭിച്ചിരുന്നില്ല. ദമ്പതിമാരുടെ പത്തുവയസ്സുള്ള മകള്‍ നല്‍കിയ സാക്ഷിമൊഴിയും കേസില്‍ നിര്‍ണായകമായി. അച്ഛന്റെ പേരിലുള്ള ഭൂമി അമ്മയ്ക്ക് നല്‍കാന്‍ അദ്ദേഹം വിസമ്മതിച്ചിരുന്നതായും ഇതിനുശേഷമാണ് മൂത്തസഹോദരി അച്ഛനെതിരേ പീഡന ആരോപണം ഉന്നയിച്ചതെന്നുമാണ് പെണ്‍കുട്ടി മൊഴിയായി നല്‍കിയത്. അമ്മയുടെ നിര്‍ബന്ധത്തിലാണ് സഹോദരി ഇങ്ങനെ പരാതി ഉന്നയിച്ചതെന്നും പത്തുവയസ്സുകാരി കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക