28
May 2024
Sat
28 May 2024 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: കേവലം 650 രൂപയ്ക്ക് ഏഴുമണിക്കൂര്‍ കൊണ്ട് മംഗളൂരു തുറമുഖത്ത്‌നിന്ന് ലക്ഷദ്വീപിലെത്താം. പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് നടത്തിയ ലക്ഷദ്വീപ് -മംഗളൂരു അതിവേഗ പാസഞ്ചര്‍ കപ്പല്‍ ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കി. നേരത്തേ തന്നെ ലക്ഷദ്വീപ്- മംഗളൂരു യാത്രാ കപ്പല്‍ സര്‍വീസ് ഉണ്ടായിരുന്നു. 13 മണിക്കൂര്‍ കൊണ്ട് ലക്ഷ്യത്തിലെത്തിയിരുന്ന ഈ കപ്പല്‍ കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ ശേഷം പുനരാരംഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് പുതിയ അതിവേഗ കപ്പല്‍ വിനോദ സഞ്ചാര മേഖലയ്ക്ക് പ്രതീക്ഷയാവുന്നത്.

വിനോദ സഞ്ചാരത്തിന് പുറമെ, ആശുപത്രികളിലേക്കും വ്യാപാര ആവശ്യങ്ങള്‍ക്കും മംഗളൂരുവിലേക്കെത്തുന്നവര്‍ക്കും ഏറെ സഹായകരമാകുന്ന സര്‍വീസായി ഇത് മാറും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ടൂറിസം രംഗത്തിനും ഈ സര്‍വീസ് കുതിപ്പേകും.

മെയ് ആദ്യമാണ് 160 യാത്രക്കാരുമായി അതിവേഗ കപ്പല്‍ ട്രയല്‍ റണ്‍ നടത്തിയത്. ഏഴു മണിക്കൂര്‍ കൊണ്ട് സര്‍വീസ് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നത് ദ്വീപുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടാന്‍ ഇടയാക്കും. ലക്ഷദ്വീപ് – കൊച്ചി യാത്രയേക്കാള്‍ വേഗത്തില്‍ ലക്ഷദ്വീപില്‍ നിന്ന് മംഗളൂരവിലെത്താന്‍ കഴിയും. എന്നാല്‍ മണ്‍സൂണ്‍ ആരംഭിച്ചു കഴിഞ്ഞാല്‍ കടല്‍ പ്രക്ഷുബ്ധമാകുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനാല്‍ പദ്ധതിയുടെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ടെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ബംഗളൂരുവില്‍ നിന്ന് കൂടുതല്‍ ആളുകള്‍ യാത്രയില്‍ താല്പര്യം പ്രകടിപ്പിക്കുന്നുവെന്നും കൂടുതല്‍ അന്വേഷണങ്ങള്‍ ലഭിക്കുന്നുണ്ടെന്നും കര്‍ണാടകയിലെ എല്‍ഐടിഡിഎ കോര്‍ഡിനേറ്റര്‍മാര്‍ പറയുന്നു.

വിനോദസഞ്ചാരികള്‍ക്ക് ഒരാള്‍ക്ക് 5000 രൂപ എന്ന നിരക്കില്‍ 14 മണിക്കൂറിനുള്ളില്‍ ഈ കപ്പലില്‍ ലക്ഷദ്വീപിലേക്കു യാത്ര ചെയ്യാം. മുന്‍പ് ടിപ്പു സുല്‍ത്താന്‍ എന്ന ചരക്ക് കപ്പല്‍ മാത്രമേ ഈ പാതയില്‍ പ്രവര്‍ത്തിച്ചിരുന്നുള്ളൂ. മുംബൈ, അഹമ്മദാബാദ്, ബറോഡ, എന്നിവിടങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളും മംഗളൂരുവില്‍ നിന്നാണ് സീറ്റുകള്‍ ബുക്ക് ചെയ്യാറുള്ളത്.

650 രൂപ ടിക്കറ്റുമെടുത്ത് യാത്ര ചെയ്യുന്ന ഒരാള്‍ക്ക് 30 കിലോവരെ ലഗേജും കൊണ്ടുപോകാന്‍ കഴിയും. കപ്പലില്‍ ക്യാപ്റ്റന്‍, ചീഫ് ഓഫിസര്‍ തുടങ്ങി 11 ജീവനക്കാരും ഉണ്ടായിരുന്നു.

കേരളത്തെ തഴഞ്ഞാണ് മംഗളൂരുവിലേക്ക് ലക്ഷദ്വീപില്‍ നിന്ന് യാത്രാക്കപ്പല്‍ ആരംഭിക്കുന്നത്. നേരത്തെ ബേപ്പൂരില്‍ നിന്ന് കപ്പല്‍ സര്‍വീസ് ഉണ്ടായിരുന്നെങ്കിലും വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളില്ലൈന്ന് ചൂണ്ടിക്കാട്ടി ഇവിടെ നിന്നുള്ള കപ്പല്‍ സര്‍വീസ് പുനരാരംഭിക്കേണ്ടെന്ന് കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപിലെ ഭരണകൂടം തീരുമാനിക്കുകയായിരുന്നു. ഇതുവലിയ വിവാദമായിരുന്നു. കൂടാതെ ബേപ്പൂര്‍, കൊച്ചി തുറമുഖങ്ങളില്‍ നിന്ന് ചരക്ക് ഗതാഗതം മംഗളൂരു തുറമുഖത്തേക്ക് തിരിച്ചുവിടാനും ലക്ഷദ്വീപ് ഭരണകൂടം ശ്രമം നടത്തിയിരുന്നു.

ലക്ഷദ്വീപില്‍ ഇക്കോ ടൂറിസം, വിദ്യാഭ്യാസ ടൂറിസം, ഹെല്‍ത്ത് ടൂറിസം എന്നിവ വികസിപ്പിക്കുന്നതിനുള്ള ആദ്യപടിയാണ് ഈ ഫെറി സര്‍വീസ്. സഞ്ചാരികളുടെ സ്വപ്‌ന പറുദീസയായ ലക്ഷദ്വീപ് സാഹസികത ഇഷ്ടപെടുന്നവര്‍ക്കും പ്രകൃതിസ്‌നേഹികള്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രമാണ്. ഇന്ത്യയില്‍ വളരെക്കുറച്ചു മാത്രം എക്‌സ്‌പ്ലോര്‍ ചെയ്യപ്പെട്ട സ്ഥലങ്ങളില്‍ ഒന്നാണ് ലക്ഷദ്വീപ്. ഇന്ത്യന്‍ അറബ് സംസ്‌കാരത്തിന്റെ ഒരു മിശ്രിതമാണ് ദ്വീപില്‍ പ്രധാനമായും കാണാന്‍ കഴിയുക. ആഹാരരീതികളിലും വാസ്തുവിദ്യയിലും, ജീവിതരീതികളിലുമൊക്കെ ഇത് പ്രകടമാണ്.