കോഴിക്കോട്: മണിപ്പൂരില്‍ നടക്കുന്ന അക്രമങ്ങള്‍ക്കെതിരേ വിമന്‍ ജസ്റ്റിസ് സംസ്ഥാനവ്യാപകമായി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചു. വംശീയ കലാപങ്ങള്‍ കൊടുമ്പിരികൊള്ളുമ്പോള്‍ സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുകയാണെന്ന് പ്രക്ഷോഭം ഉദ്ഘാടനം ചെയ്ത സംസ്ഥാന പ്രസിഡന്റ് വി എ ഫായിസ പറഞ്ഞു. അധികാര സംവിധാനങ്ങളുടെ അവഗണനകളും ഒത്താശകളും അതിക്രമങ്ങളെ പ്രോല്‍സാഹിപ്പിക്കുകയാണ്. പൊതുജനമധ്യത്തിലൂടെ നഗ്നരാക്കി നടത്തിച്ച് കൂട്ടബലാല്സംഗത്തിനിരയാക്കപ്പെട്ടവരില് ഒരാള്‍ കൊല്ലപ്പെട്ടിരിക്കുന്നു. ക്രൂരനടപടിക്ക് പിന്നിലുള്ള മുഴുവന്‍പേരെയും നിയമത്തിന് മുന്പില് ഹാജരാക്കണമെന്നും ഇതിനെതിരേ വന്‍പ്രക്ഷോഭത്തിന് നീതിയുടെ പോരാളികള്‍ സജ്ജരാകണമെന്നും ഫായിസ ആവശ്യപ്പെട്ടു. ബലാല്‍സംഗത്തെ ആയുധമാക്കുന്ന വംശഹത്യയാണ് മണിപ്പൂരില്‍ നടക്കുന്നത്. ഇതിന്റെ ഞെട്ടിക്കുന്ന തെളിവാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയകളിലൂടെ പുറത്തുവന്ന പീഡനദൃശ്യങ്ങളെന്നും അവര്‍ പറഞ്ഞു. പ്രവര്‍ത്തകര്‍ വിവിധ ഇടങ്ങളില്‍ പ്രകടനങ്ങള്‍ നടത്തി.
മലപ്പുറം ജില്ലയില്‍ വണ്ടൂര്‍ മണ്ഡലത്തിലെ കരുവാരക്കുണ്ടിലെ പന്തംകൊളുത്തി പ്രകടനം സംസ്ഥാന പ്രസിഡന്റ് വിഎ ഫായിസ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് കുന്ദമംഗലത്ത് സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം സംസ്ഥാന സെക്രട്ടറി സുഫീറ എരമംഗലത്തിന്റെ നേതൃത്വത്തില്‍ നടന്നു. വിവിധ ജില്ലകളിലെ പ്രതിഷേധ പരിപാടികള്‍ക്ക് സംസ്ഥാന-ജില്ല ഭാരവാഹികള്‍ നേതൃത്വം നല്കി.
|





