23
Oct 2024
Wed
23 Oct 2024 Wed
K Surendran

കൊച്ചി: മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിക്കുന്നതിന് വേണ്ടി സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് കൈക്കൂലി നല്‍കിയെന്ന കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ വെറുതെ വിട്ട ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. (Manjeswaram election corruption case: High Court stays the order acquitting K Surendran) ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

2021ലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്.
മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന കെ. സുന്ദരയുടെ നാമനിര്‍ദേശ പത്രിക പിന്‍വലിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ച് ഭീഷണിപ്പെടുത്തി നാമനിര്‍ദേശപത്രിക പിന്‍വലിപ്പിച്ചെന്നാണ് കേസില്‍ ആരോപിക്കുന്നത്. ഇതിന് കോഴയായി രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോണും നല്‍കിയെന്നുമാണ് ആരോപണം. കെ സുന്ദര തന്നെയാണ് ഇക്കാര്യം പിന്നീട് വെളിപ്പെടുത്തിയത്.

ബി.ജെ.പി സംസ്ഥാന സമിതി അംഗം വി.ബാലകൃഷ്ണ ഷെട്ടി, യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് കെ. മണികണ്ഠ റായ്, വൈ.സുരേഷ്, ലോകേഷ് നോഡ എന്നിവരാണ് മറ്റ് പ്രതികള്‍. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ വി.വി രമേശനാണ് പരാതി നല്‍കിയത്.

എന്നാല്‍ പരാതി രാഷ്ട്രീയലക്ഷ്യത്തിന് വേണ്ടിയാണെന്ന് ചൂണ്ടിക്കാട്ടി കെ.സുരേന്ദ്രന്‍ ജില്ലാ സെഷന്‍സ് കേടതിയില്‍ വിടുതല്‍ ഹരജി ഫയല്‍ ചെയ്തു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. സെഷന്‍സ് കോടതി ജഡ്ജി സാനു എസ് പണിക്കരായിരുന്നു ഉത്തരവ് പുറപ്പെടുവിച്ചത്.

സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ കോടതി ഉത്തരവ് റദ്ദാക്കണമെന്നും അത് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.

പട്ടികജാതി/പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍ നിയമം, തെരഞ്ഞെടുപ്പ് കൈക്കൂലി, തടങ്കലില്‍ വെക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിച്ചത്.

2023 ജനുവരി 10നാണ് ജില്ല ക്രൈംബ്രാഞ്ച് അന്വേഷിച്ച് എസ് സി -എസ് ടി ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

2021 ജൂണ്‍ അഞ്ചിനാണ് കെ. സുന്ദര മാധ്യമങ്ങളിലൂടെ നാമനിര്‍ദേശപ്രത്രിക പിന്‍വലിക്കുന്നതിനുണ്ടായ കാരണം വെളിപ്പെടുത്തിയത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ മല്‍സരിച്ച മണ്ഡലത്തില്‍ ആ പേരിനോട് സാമ്യമുള്ള താന്‍ മല്‍സരിച്ചാല്‍ വോട്ട് കുറയുമെന്ന് ബി.ജെ.പി ഭയപ്പെട്ടിരുന്നതായി സുന്ദര വെളിപ്പെടുത്തിയിരുന്നു.

ആദ്യം ബദിയടുക്ക പൊലീസും പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസില്‍ കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെ നിരവധി പേരെ ചോദ്യം ചെയ്തിരുന്നു. ബി.ജെ.പി നേതാക്കള്‍ സുന്ദരക്ക് പണം നല്‍കിയെന്ന് അദ്ദേഹത്തിന്റെ അമ്മ മൊഴി നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് സുന്ദര അപ്രത്യക്ഷനായതും കേസിന് ബലമായി.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക