കോട്ടയം: യേശു ദേവന്റെ അന്ത്യ അത്താഴത്തിന്റെ ഓർമ്മയിൽ ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് പെസഹാ വ്യാഴം ആചരിക്കും. വിശുദ്ധ വാരാചരണത്തിന്റെ ഭാഗമായി ഈസ്റ്ററിന് തൊട്ടുമുമ്പുള്ള വ്യാഴാഴ്ചയാണ് പെസഹാ വ്യാഴം എന്ന വിശുദ്ധ ദിവസമായി ആചരിക്കുന്നത്. യേശു ക്രിസ്തു തന്റെ അപ്പോസ്തലന്മാരുമൊത്തുള്ള അന്ത്യ അത്താഴത്തിന്റെ ഓർമക്കായാണ് പെസഹാ ആചരിക്കുന്നത്.
|
‘കടന്നുപോകൽ’ എന്നാണ് പെസഹാ എന്ന വാക്കിന്റെ അർഥം. യേശു ദേവൻ തന്റെ കുരിശു മരണത്തിന് മുമ്പ് തന്റെ 12 ശിഷ്യന്മാർക്കുമൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്റെ സ്മരണാർഥമാണ് പെസഹാ വ്യാഴം വിശുദ്ധ നാളായി ആചരിക്കുന്നത്. വിശുദ്ധ ആഴ്ചയിലെ വിശുദ്ധ ബുധന് ശേഷവും ദുഃഖവെള്ളിക്ക് മുൻപുമായി വിശുദ്ധ ആഴ്ചയിലെ അഞ്ചാം ദിവസമാണ് പെസഹാ വ്യാഴം.പെസഹാ വ്യാഴ ദിവസം ക്രൈസ്തവ ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകളും നടക്കും. പെസഹ അപ്പം മുറിക്കൽ, കാൽ കഴുകൽ ശുശ്രൂഷകളുമാണ് പ്രധാന ചടങ്ങുകൾ. പിറ്റേന്ന് യേശു ക്രിസ്തുവിന്റെ കുരിശു മരണം അനുസ്മരിച്ച് ദുഃഖ വെള്ളി ആചരണവും ഉണ്ടാകും. കുരിശു മരണത്തിന്റെ മുന്നോടിയായി യേശുവിന്റെ പീഡാനുഭവങ്ങളുടെ ഓർമ്മ പുതുക്കാൻ കുരിശിന്റെ വഴി ചടങ്ങുകളിലും വിശ്വാസികൾ പങ്കെടുക്കും.
അന്ത്യ അത്താഴത്തിന് മുൻപായി യേശു ശിഷ്യരുടെ കാൽ കഴുകിയതിനെ അനുസ്മരിച്ച് ഓരോ ദേവാലയത്തിനും കീഴിലുള്ള ഇടവകയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന പന്ത്രണ്ട് പേരുടെ കാലുകൾ പുരോഹിതൻ കഴുകി ചുംബിക്കുന്ന ചടങ്ങാണ് പ്രധാനപ്പെട്ടത്. തന്റെ പന്ത്രണ്ട് ശിഷ്യന്മാരുടെ കാലുകൾ കഴുകിയതിലൂടെ ലോകത്തിന് മുഴുവൻ എളിമയുടെ സന്ദേശമാണ് യേശു ക്രിസ്തു നൽകിത്. ഇതിന്റെ ഓർമപ്പെടുത്തലാണ് ദേവാലയങ്ങളിൽ നടത്തുന്ന കാൽ കഴുകൽ ശുശ്രൂഷയും പ്രാർഥനകളും.അന്ത്യ അത്താഴവിരുന്നിന്റെ ഓർമ്മ പുതുക്കലിന്റെ ഭാഗമായി പെസഹാ വ്യാഴത്തിൽ പെസഹാ അപ്പം അഥവാ ഇണ്ട്രി അപ്പം ഉണ്ടാക്കും. അപ്പം മുറിക്കൽ ശുശ്രൂഷയ്ക്കായി കുടുംബാംഗങ്ങളും ബന്ധുക്കളും ഒത്തുചേരുകയും ചെയ്യും.
ഓശാന ഞായറാഴ്ചയിൽ ദേവാലയങ്ങളിൽ നിന്ന് നൽകുന്ന കുരുത്തോല കീറി മുറിച്ച് പെസഹാ അപ്പത്തിന്റെ മുകളിൽ കുരിശ് അടയാളത്തിൽ വെക്കും. ലോകത്തിലെ സകല പാപങ്ങളുടെയും മോചനത്തിനായി തന്റെ തിരുശരീരം ശിഷ്യർക്ക് നൽകിയ യേശുക്രിസ്തു അന്ത്യ അത്താഴ സമയത്ത് അപ്പമെടുത്ത് നുറുക്കിയ ശേഷം ഇത് നിങ്ങൾക്കുവേണ്ടി നൽകുന്ന എന്റെ ശരീരം, എന്റെ ഓർമ്മക്കായി ഇത് ഭക്ഷിപ്പിൻ എന്ന് പറഞ്ഞുവെന്നാണ് വിശ്വാസം.





