30
Jun 2023
Thu
30 Jun 2023 Thu

കോഴിക്കോട്: കേന്ദ്ര വിദേശകാര്യസഹമന്ത്രി മന്ത്രി വി. മുരളീധരനെ പരിഹസിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ‘കേരള സംസ്ഥാന വികസനം മുടക്കി വകുപ്പ് മന്ത്രി’യെന്നാണ് വി. മുരളീധരനെ റിയാസ് വിശേഷിപ്പിച്ചത്. കേരള സംസ്ഥാന വികസനം മുടക്കി വകുപ്പ്’ എന്ന ഒരു പുതിയ വകുപ്പ് കേന്ദ്രസർക്കാരിന്റെ കീഴിൽ ഉണ്ടോ എന്ന് സംശയം തോന്നുന്ന തരത്തിലാണ് മുരളീധരന്റെ ഓരോ പ്രവർത്തനവുമെന്നും എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷമുള്ള രണ്ട് വർഷത്തെ മുരളീധരന്റെ പ്രസ്താവനകൾ പരിശോധിച്ചാൽ ഇത് വ്യക്തമാകുമെന്നും റിയാസ് കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേരളത്തിന്റെ വികസനം മുടക്കുന്നതിനും സംസ്ഥാനത്ത് ഉണ്ടായ ഏതെങ്കിലും ദൗർഭാഗ്യകരമായ സംഭവങ്ങളിൽ സന്തോഷം രേഖപ്പെടുത്തുന്ന തരത്തിലുമുള്ള പ്രസ്താവനകളാണ് അദ്ദേഹം നടത്തുന്നത്. സിൽവർ ലൈനിനെതിരെ അദ്ദേഹം പരസ്യമായി പ്രതികരിക്കുന്നത് നമ്മൾ കണ്ടതാണ്. ഇവിടെ ജനിച്ചു വളർന്ന മലയാളിയാണ് അദ്ദേഹം. അതുകൊണ്ട് കേരളത്തിന്റെ ജനസാന്ദ്രതയെ കുറിച്ചും വാഹന പെരുപ്പത്തെകുറിച്ചും കേരളത്തിലെ ഗതാഗതക്കുരുക്കിനെ കുറിച്ചും അദ്ദേഹത്തിന് നന്നായി അറിയാം. എന്നാലും അദ്ദേഹം സിൽവർ ലൈനിനെതിരെ തുടർച്ചയായി ഇടപെട്ടു.

ദേശീയപാത വികസനം മുടക്കാൻ മുരളീധരൻ എന്തെല്ലാം ശ്രമങ്ങളാണ് നടത്തിയതെഎന്ന് നമുക്ക് അറിയാം. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ദേശീയപാതയുടെ വികസനത്തിന് 25 ശതമാനം തുക സംസ്ഥാന സർക്കാർ നൽകുന്നത്. 5,600 കോടി രൂപയാണ് ഇങ്ങനെ കൈമാറിയത്. എന്നാൽ അത് അങ്ങനെയല്ല എന്ന് വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങൾ ആണ് വി. മുരളീധരൻ നടത്തിയത്. അത് കേരളത്തിലെ ജനം തിരിച്ചറിഞ്ഞു. ദേശീയപാത വികസനത്തിന് സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളെ എന്തുകൊണ്ട് അദ്ദേഹം പരസ്യമായി അഭിനന്ദിക്കുന്നില്ല എന്ന് ചോദിക്കുന്നില്ല. പക്ഷേ എന്തിനാണ് ഇത്തരം അടിസ്ഥാനരഹിതമായ വാദങ്ങൾ ഉന്നയിക്കുന്നതെന്നും റിയാസ് ആരാഞ്ഞു.