26
Nov 2024
Thu
26 Nov 2024 Thu

കൊച്ചി: ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തിലൂടെ വിവാദമായ പ്രസംഗത്തില്‍ മന്ത്രി സജി ചെറിയാന് തിരിച്ചടി. പ്രസംഗത്തില്‍ ഹൈക്കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു. സജി ചെറിയാന് ക്ലീന്‍ചീറ്റ് നല്‍കിക്കൊണ്ടുള്ള പൊലീസ് റിപ്പോര്‍ട്ട് തള്ളിയാണ് ഹൈക്കോടതിയുടെ നടപടി. പൊലീസ് റിപ്പോര്‍ട്ട് അംഗീകരിച്ച മജിസ്‌ട്രേറ്റ് കോടതി വിധിയും ഹൈക്കോടതി റദ്ദാക്കി. കേസില്‍ പുനരന്വേഷണം വേണമെന്നും ക്രൈംബ്രാഞ്ചിലെ വിശ്വസ്തതയുള്ള ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷണം നടത്തണമെന്നും ഹൈക്കോടതി ഡിജിപിക്ക് നിര്‍ദേശം നല്‍കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേസ് ഡയറിയും പ്രസംഗത്തിന്റെ വിശദമായ രൂപവും പരിശോധിച്ച ശേഷമാണ് സിംഗിള്‍ ബെഞ്ച് വിധി പ്രസ്താവിച്ചത്. സജി ചെറിയാന്റെ പരാമര്‍ശത്തില്‍ പ്രഥമദൃഷ്ട്യാ അവഹേളനമുണ്ടെന്ന് ഹൈക്കോടതി നിരീക്ഷണം നടത്തി. ഭരണതലത്തിലെ സ്വാധീനം മൂലം അന്വേഷണം അവസാനിപ്പിച്ചെന്നും പൊലീസ് റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്നുമുള്ള ഹരജിക്കാരുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

2022 ജൂലൈ മൂന്നിന് പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ CPM ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങില്‍വച്ച് സജി ചെറിയാന്‍ വിവാദ പ്രസംഗം നടത്തിയത്. ‘കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം എന്നെല്ലാം എഴുതി വെച്ചു എന്നല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുകയാണ് ഇതിന്റെ ഉദ്ദേശം’ എന്നായിരുന്നു ഭരണഘടനയെ പറ്റിയുള്ള സജി ചെറിയാന്റെ പരാമര്‍ശം.

Minister Saji Cherian gets backlash for controversial speech