മണിക്കൂറുകള്‍ നീണ്ട ശ്രമം; ‘മിഷന്‍ തണ്ണീര്‍ക്കൊമ്പന്‍ സക്‌സസ്’, കാട്ടുകൊമ്പനെ ബന്ദിപ്പൂര്‍ വനമേഖലയില്‍ തുറന്നുവിടും
|
കല്‍പ്പറ്റ: മാനന്തവാടിയിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ തണ്ണീര്‍ കൊമ്പന്‍ എന്ന കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം വിജയം. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കൂട്ടിലാക്കിയ ശേഷം എലിഫന്റ് ആംബുലന്‍സില്‍ കയറ്റിയ ആനയെ ഉടന്‍ ബന്ദിപ്പൂരിലേക്ക് കൊണ്ടുപോയി. ലോറിയില്‍ കയറാന്‍ മടിച്ച കൊമ്പനെ കുംകിയാനയായ കോന്നി സുരേന്ദ്രനാണ് ലോറിയിലേക്ക് തള്ളി കയറ്റിയത്. 10 മണിയോടെയാണ് കുങ്കിയാനകളുടെ സഹായത്തോടെ ആനയെ എലിഫന്റ് ആംബുലന്‍സിലേക്ക് കയറ്റിയത്. ഇന്ന് തന്നെ കര്‍ണാടകയിലെ ബന്ദിപ്പൂര്‍ വനമേഖലയില്‍ ആനയെ തുറന്നുവിടും.
ഇന്നലെ വൈകീട്ട് 5.35 ഓടെയാണ് ആനയെ മയക്കുവെടി വെച്ചത്. ആനയുടെ കാലില്‍ വടംകെട്ടിയ ശേഷം കുങ്കിയാനകളുടെ സഹായത്തോടെ വാഹനത്തിന്റെ അടുത്തേക്ക് എത്തിക്കുകയായിരുന്നു. തുടര്‍ന്നാണ് എലിഫന്റ് ആംബുലന്‍സില്‍ കയറ്റിയത്. ആദ്യശ്രമം ലക്ഷ്യത്തിലെത്തിയില്ലെങ്കിലും പിന്നീട് വെച്ച മയക്കുവെടി ആനയുടെ പിന്‍ഭാഗത്ത് ഇടത് കാലിന് മുകളിലായി വെടിയേറ്റത്. പിന്നീട് രണ്ടുതവണ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കി. രണ്ടാം മയക്കുവെടിയേറ്റ ആന പത്ത് മീറ്ററോളം നടന്നു. കൊമ്പനെ പിടികൂടുന്നത് കാണാന്‍ വന്‍ ജനക്കൂട്ടമാണ് സ്ഥലത്തെത്തിയത്.
ബൂസ്റ്റര്‍ ഡോസില്‍ മയങ്ങിയ തണ്ണീര്‍ക്കൊമ്പന്‍ കാലില്‍ വടംകെട്ടി കുങ്കിയാനകള്‍ വാഹനത്തിനടുത്തേക്ക് എത്തിച്ചു. തുടര്‍ന്ന് ലോറിയില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. 15ാം തവണ പടക്കം പൊട്ടിച്ച ശേഷമാണ് ആനയെ മയക്കുവെടി വെക്കാന്‍ പാകത്തില്‍ തുറസായ സ്ഥലത്ത് എത്തിച്ചത്.
ഇടയ്ക്ക് വെളിച്ചക്കുറവിനെത്തുടര്‍ന്ന് ദൗത്യം നിര്‍ത്തിവെച്ചെങ്കിലും പിന്നീട് പുനരാംരഭിച്ചു. വാഴത്തോട്ടത്തിന് സമീപത്തെ മണ്‍തിട്ട നീക്കം ചെയ്താണ് കുങ്കികളെ തണ്ണീര്‍ക്കൊമ്പ് സമീപം എത്തിച്ചത്.
വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് നഗരത്തില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ മാത്രം അകലെയുള്ള കണിയാരത്തും പായോടും ഒറ്റയാനെത്തിയത്. റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണ് ജനവാസകേന്ദ്രത്തിലെത്തിയത്. കര്‍ണാടകയില്‍ നിന്ന് രണ്ടാഴ്ച മുമ്പ് പിടികൂടി ബന്ദിപ്പൂര്‍ വനാതിര്‍ത്തിയായ മുലഹൊള്ളയില്‍ തുറന്നുവിട്ട ആനയാണ് മാനന്തവാടിയിലെത്തിയത്.
രാവിലെ പാലുകൊണ്ടുപോയ ക്ഷീര കര്‍ഷകരാണ് ആനയെ കണ്ടത്. തുടര്‍ന്ന് ആന മാനന്തവാടി പട്ടണത്തിലേയ്ക്ക് നീങ്ങുകയും മാനന്തവാടി നഗരത്തിന് മധ്യത്തിലുള്ള ചതുപ്പില്‍ നിലയുറപ്പിക്കുകയുമായിരുന്നു. നേരത്തെ കാട്ടാന ഭീതി തുടരുന്നതിനിടെ മാനന്തവാടിയില്‍ 144 പ്രഖ്യാപിച്ചിരുന്നു.





