26
Mar 2023
Thu
26 Mar 2023 Thu

കോഴിക്കോട്: ബഹറില്‍ (കടലില്‍) മുസല്ല (നിസ്‌കരിക്കുന്ന മാറ്റ്) ഇട്ട് നിസ്‌കരിക്കേണ്ടി വന്നാലും ആര്‍.എസ്.എസിനെ വിശ്വസിക്കരുതെന്നാണ് പൂര്‍വ്വികര്‍ പഠിപ്പിച്ചതെന്നും സമൂഹത്തിലെ മാരക വിപത്താണ് ആര്‍.എസ്.എസെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.കെ മുനീര്‍. ആര്‍.എസ്.എസ്-ജമാഅത്തെ ഇസ്ലാമി ചര്‍ച്ചയോട് പ്രതികരിക്കുകയായിരുന്നു മുനീര്‍. മതനിരപേക്ഷമായ പ്രത്യയ ശാസ്ത്രമല്ല ആര്‍.എസ്.എസിന്റേത്. ജാതി, മത, ഭാഷാ തലങ്ങളിലൊക്കെ രാജ്യത്തെ മുറിച്ചുമാറ്റണമെന്ന് പറയുന്ന ആര്‍.എസ്.എസിനോട് എന്ത് ചര്‍ച്ച ചെയ്യാനാണെന്നും മുനീര്‍ ചോദിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം, ചർച്ചയുടെ കാര്യം ജമാഅത്തെ ഇസ്ലാമിയാണ് വിശദീകരിക്കേണ്ടതെന്ന് ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. തീവ്ര സ്വഭാവമുള്ള സംഘടനകളെ ലീഗ് എതിർക്കുന്നത് വ്യക്തികളോടുള്ള വിരോധം കൊണ്ടല്ല. മറിച്ച് ചിന്താഗതി മോശമായതുകൊണ്ടാണ്. ഏക സിവിൽകോഡ് നടപ്പിലാക്കണമെന്ന് ആർ.എസ്.എസ് പറയുമ്പോൾ ഒരു മതത്തിന്റേയും നിയമങ്ങൾ അവർ അംഗീകരിക്കുന്നില്ലായെന്നല്ലേയെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

മുന്നണി മാറ്റത്തെക്കുറിച്ച് ലീഗ് ഇപ്പോൾ ആലോചിക്കുന്നില്ല. ഒരു മുന്നണി മാറ്റവും ലീഗിന്റെ അജണ്ടയിലില്ല. ലീഗ് യുഡിഎഫിന്റെ നട്ടെല്ലാണെന്നും അവർ വരില്ലെന്ന് ഞങ്ങൾക്ക് അറിയാമെന്നും പറഞ്ഞത് മുഖ്യമന്ത്രി തന്നെയല്ലേ. ദേശീയ സാഹചര്യം പക്ഷെ വ്യത്യാസമാണ്. തമിഴ്നാട്ടിൽ ലീഗും കോൺഗ്രസും ഉള്ള മുന്നണിയിൽ തന്നെയാണ് സി.പി.എം ഉള്ളതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.