26
Sep 2024
Tue
26 Sep 2024 Tue
MM Lawrence

കൊച്ചി: തര്‍ക്കത്തെ തുടര്‍ന്ന് മുതിര്‍ന്ന സിപിഎം നേതാവ് എം.എം ലോറന്‍സിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ തുടരുന്നു. (MM Lawrence body remains at mortury) മൃതദേഹം വൈദ്യപഠനത്തിന് വിട്ടുകൊടുക്കുന്ന കാര്യത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഇന്ന് തീരുമാനമെടുക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേരള അനാട്ടമി ആക്ടും ഹൈക്കോടതി ഉത്തരവും അനുസരിച്ച് മൃതദേഹം ഏറ്റെടുക്കാന്‍ മെഡിക്കല്‍ കോളജിന് മുന്നില്‍ തടസ്സങ്ങളൊന്നുമില്ല. മൃതദേഹം കൈമാറുന്നതില്‍ അനാട്ടമി ആക്ടിലെ വ്യവസ്ഥകള്‍ പാലിച്ചിട്ടുണ്ടെന്നാണ് ഹൈക്കോടതി നിരീക്ഷണം.

കേരള അനാട്ടമി ആക്ട് പ്രകാരം പഠനാവശ്യങ്ങള്‍ക്ക് മൃതദേഹം വിട്ടുനല്‍കാന്‍ രേഖാമൂലമുള്ള സമ്മതം നിര്‍ബന്ധമില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ജീവിച്ചിരിക്കുന്ന സമയത്ത്, ഒരാള്‍ രണ്ടോ അതിലധികമോ ആളുകളോട് തന്റെ ശരീരം വിട്ടുനല്‍കാന്‍ താല്പര്യം ഉണ്ടെന്ന് വാക്കാല്‍ പറഞ്ഞാല്‍ മതിയാകുമെന്നും രേഖാമൂലമുള്ള സമ്മതപത്രം ആവശ്യമില്ലെന്നും കേരള അനാട്ടമി ആക്ടിലെ സെക്ഷന്‍ 4A പ്രകാരമുള്ള നിയമസാധുത കോടതിയും ചൂണ്ടിക്കാട്ടി.

ALSO READ: ഇസ്രായേല്‍ ആക്രമണത്തില്‍ ലബനാനില്‍ മരണം 270 കടന്നു

എന്നാല്‍, മക്കളില്‍ ഒരാള്‍ വിയോജിപ്പ് പറഞ്ഞ സാഹചര്യത്തില്‍ ഇക്കാര്യം കൂടി പരിശോധിച്ചു തീരുമാനമെടുക്കാനാണ് കോടതി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനോട് നിര്‍ദേശിച്ചിരിക്കുന്നത്. എംഎം ലോറന്‍സിന്റെ മകള്‍ ആശ ആണ് മൃതദേഹം പഠനത്തിന് വിട്ടുനല്‍കരുതെന്നും ക്രിസ്ത്യന്‍ മാതാചാര പ്രകാരം അടക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടത്.

അനാട്ടമി ആക്ട് പ്രകാരം മെഡിക്കല്‍ കോളജിന് മൃതദേഹം ഏറ്റെടുക്കാന്‍ കഴിയും. നിയമവശങ്ങള്‍ പരിശോധിച്ചത് പ്രകാരം ഇതിന്റെ നിയമ സാധുത ആശ ലോറന്‍സിനെ ബോധ്യപ്പെടുത്തേണ്ടത് മാത്രമാണ് ഇനി ബാക്കിയുള്ളത്. വീണ്ടും നിയമ വ്യവഹാരത്തിലേക്ക് കടന്നില്ലെങ്കില്‍, എത്രയും വേഗം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് പഠനാവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്താനാകും.

ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറരുതെന്നും മൃതദേഹം ആശുപത്രിക്ക് കൈമാറാന്‍ ലോറന്‍സ് പറഞ്ഞിരുന്നില്ലെന്നുമാണ് മകള്‍ ആശയുടെ വാദം. എന്നാല്‍, മറ്റുമക്കളായ സജി ലോറന്‍സും സുജാത ലോറന്‍സും മൃതദേഹം മെഡിക്കല്‍ കോളജിനു കൈമാറാന്‍ സന്നദ്ധത അറിയിച്ചിരുന്നു. പിതാവ് ഇക്കാര്യം തങ്ങളോടു പറഞ്ഞിരുന്നു എന്നാണ് അവര്‍ പറയുന്നത്.

കുടുംബാംഗങ്ങളുടെ തീരുമാനം അനുസരിച്ചാണ് മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറാന്‍ തീരുമാനിച്ചതെന്ന് സി പി എം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ പറഞ്ഞു. കുടുംബാഗങ്ങള്‍ ഇക്കാര്യത്തില്‍ രാഷ്ട്രീയം കളിക്കും എന്നു കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞു.