31
Jan 2026
Wed
31 Jan 2026 Wed
muhammed shami sir hearing

Mohammed Shami Asked To Appear For SIR Hearing തീവ്ര വോട്ടര്‍ പട്ടിക (എസ്‌ഐആര്‍) പരിഷ്‌കരണവുമായി ബന്ധപ്പെട്ട ഹിയറിങിന് ഹാജരാകാന്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കു നോട്ടീസ്. തിങ്കളാഴ്ച ജാദവ്പൂരിലെ ഒരു സ്‌കൂളില്‍ ഷമിയെയും സഹോദരന്‍ മുഹമ്മദ് കൈഫിനെയും ഹിയറിങ്ങിനായി വിളിപ്പിച്ചിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എന്നാല്‍, വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കുന്നതിനാല്‍ ഷമിക്ക് എത്താന്‍ സാധിച്ചില്ല. ഹാജരാകാന്‍ പുതിയ തിയ്യതി നല്‍കണമെന്നു അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഈ മാസം 9നും 11നും ഇടയില്‍ അദ്ദേഹത്തിന്റെ ഹിയറിങ് പുനഃക്രമീകരിച്ചു.

റാഷ്ബെഹാരി നിയോജക മണ്ഡലത്തിന്റെ ഭാഗമായ കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പറേഷന്റെ വാര്‍ഡ് 93ലെ വോട്ടറാണ് ഷമി. ക്രിക്കറ്റ് താരവും സഹോദരനും എന്യുമറേഷന്‍ ഫോം തെറ്റായി പൂരിപ്പിച്ചതിനാലാണ് അവരെ ഹിയറിങ്ങിനായി വിളിച്ചതെന്നു പശ്ചിമ ബംഗാള്‍ ചീഫ് ഇലക്ടറല്‍ ഓഫീസറുടെ (സിഇഒ) ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ALSO READ: സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകുന്നു; രണ്ട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

ഇതുവരെ പട്ടികയില്‍ നിന്ന് പുറത്തായത് 6.5 കോടി

രാജ്യത്ത് തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണത്തിലൂടെ ഇതുവരെ പുറത്തായത് 6.5 കോടി വോട്ടര്‍മാര്‍. ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ വോട്ടമാര്‍ പുറത്തായത്. 2.89 കോടി പേരാണ് യുപിയില്‍ പുറത്തായത്. തമിഴ്‌നാടാണ് ഉത്തര്‍പ്രദേശിന് പിന്നില്‍. 97 ലക്ഷം. തൊട്ടുപിന്നിലുള്ള ഗുജറാത്തില്‍ 74 ലക്ഷം പേരാണ് പുറത്താക്കപ്പെട്ടത്. പശ്ചിമ ബംഗാളില്‍ 58 ലക്ഷം പേരും കേരളത്തില്‍ 24 ലക്ഷം പേരുമാണ് പുറത്തുപോയത്.

കഴിഞ്ഞ ദിവസമാണ് യുപിയിലെ പുതുക്കിയ കരട് വോട്ടര്‍ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയത്. 2.89 കോടി വോട്ടര്‍മാര്‍ പുറത്തായതോടെ സംസ്ഥാനത്തെ മൊത്തം വോട്ടര്‍മാരുടെ എണ്ണം 15 കോടിയില്‍ നിന്ന് 12 കോടിയായി കുറഞ്ഞു.

മുന്‍പുണ്ടായിരുന്ന വോട്ടര്‍ പട്ടികയിലെ 15 കോടി ആളുകളില്‍ ഏകദേശം 12 കോടി പേര്‍ ഫോമുകള്‍ തിരികെ നല്‍കിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞിരുന്നു. മൊത്തം വോട്ടര്‍മാരുടെ ഏകദേശം 81 ശതമാനം വരുമിത്. ബാക്കി ഫോമുകള്‍ തിരികെ ലഭിച്ചില്ല. ഏകദേശം 46.23 ലക്ഷം പേര്‍ മരണപ്പെട്ടതായും 2.17 കോടി പേര്‍ പലായനം ചെയ്തതായും 25.47 ലക്ഷം പേര്‍ ഒന്നില്‍ കൂടുതല്‍ തവണ പേര് ചേര്‍ത്തെന്നുമാണ് കണ്ടെത്തല്‍.

കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതോടെ പരാതികള്‍ അറിയിക്കാനുള്ള അവസാന തീയതിയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി ആറ് വരെയാണ് പരാതികള്‍ അറിയിക്കാനാകുക. മാര്‍ച്ച് ആറിന് അന്തിമ വോട്ടര്‍ പട്ടിക പുറത്തിറക്കും. പട്ടികയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഔദ്യോഗിക ലിങ്കുകള്‍ വഴി ലഭ്യമാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

ബംഗാളില്‍ എസ്‌ഐആര്‍ വിവാദം

ബംഗാളില്‍ തീവ്ര പരിഷ്‌കരണത്തെച്ചൊല്ലി വാഗ്വാദങ്ങള്‍ അരങ്ങേറുകയാണ്. ഡിസംബര്‍ 16നാണ് ബംഗാളില്‍ കരട് വാട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത്. പുറത്താക്കപ്പെട്ട 58 ലക്ഷം പേരില്‍ പലായനം ചെയ്തവരും മരിച്ചവരും എല്ലാം ഉള്‍പ്പെടുന്നുണ്ട്. കൊല്‍ക്കത്ത നോര്‍ത്ത് നിയമസഭാ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പുറത്താക്കപ്പെട്ടിരിക്കുന്നത്. ഇതിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

ഡിസംബര്‍ 24നാണ് കേരളത്തിലെ കരട് വോട്ടര്‍ പട്ടിക പുറത്തിറക്കിയത്. കരട് വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട പരാതികള്‍ നല്‍കുന്നതിനും ഹിയറിംഗിനും മറ്റുമായി ജനുവരി 22 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഫെബ്രുവരി 21നാണ് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക