മുങ്ങിയ കപ്പലില്‍ നിന്ന് അപകടകരമായ വസ്തുക്കളടങ്ങിയ കൂടുതല്‍ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്. (More containers from sunken ship wash ashore; residents advised to evacuate) കൊല്ലം ജില്ലയിലെ ചവറ പരിമണത്ത് രണ്ട് കണ്ടെയ്‌നര്‍ കൂടി തീരത്തടിഞ്ഞു. നാല് കണ്ടെയ്‌നറുകളാണ് തീരത്തെത്തിയത്.
|
നീണ്ടകര ശക്തികുളങ്ങര മദാമ്മതോപ്പിലും ഒരു കണ്ടെയ്‌നര്‍ അടിഞ്ഞത്. ഇത് കാലിയാണ്. കരുനാഗപ്പള്ളി ചെറിയഴീക്കല്‍ ഒരു കണ്ടെയ്‌നര്‍ തീരത്തടിഞ്ഞിരുന്നു. രണ്ട് കണ്ടെയ്നറുകള്‍ കാലിയാണ്. കോസ്റ്റല്‍ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പരിശോധനകള്‍ക്കായി വിദഗ്ദര്‍ പ്രദേശത്തേക്ക് എത്തും.
ഇതുവരെ 11 കണ്ടെയ്‌നറുകള്‍ വിവിധ തീരങ്ങളിലെത്തിയിട്ടുണ്ട്. മൂന്ന് കണ്ടെയ്‌നറുകള്‍ കൂടി തീരത്തേക്ക് ഒഴുകിയെത്തുന്നതായാണ് വിവരം.
ALSO READ: നിലമ്പൂരില്‍ എസ്ഡിപിഐ നിലപാട് നാളെ; തീരുമാനം ദേശീയ കമ്മിറ്റിയില്‍
സമീപത്തെ വീടുകളിലുള്ളവരോട് മാറിത്താമസിക്കാന്‍ നിര്‍ദേശം. ജനങ്ങള്‍ ഒരു കാരണവശാലും കണ്ടെയ്‌നറുകളുടെ അടുത്തേക്ക് പോകരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 60 മീറ്റര്‍ അകലം പാലിക്കണമെന്നാണ് നിര്‍ദേശം.
പരിശോധനകള്‍ നടത്തിയ ശേഷമാകും കണ്ടെയ്‌നര്‍ സ്ഥലത്ത് നിന്ന് നീക്കം ചെയ്യുക. ഇന്ന് 12 മണിക്ക് മുന്‍പ് കണ്ടെയ്‌നര്‍ നീക്കം ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചിട്ടുണ്ട്. ഇതിനായുള്ള സംവിധാനങ്ങള്‍ സ്ഥലത്തേക്ക് എത്തിക്കും. എന്നാല്‍ കണ്ടെയ്‌നര്‍ എവിടേക്കാണ് മാറ്റുക എന്നത് സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല.
ഉച്ചയ്ക്ക് മുന്‍പ് കണ്ടെയ്‌നറുകള്‍ നീക്കം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. 13 കണ്ടെയ്‌നറുകളില്‍ കാത്സ്യം കാര്‍ബൈഡ് ഉള്‍പ്പടെ അപകടകരമായ ചരക്കുകളാണെന്ന് വിവരം പുറത്തുവന്നിരുന്നു. എംഎസ്സി എല്‍സ 3യില്‍ ആകെയുണ്ടായിരുന്നത് 643 കണ്ടെയ്നറുകള്‍. ഇതില്‍ 73 എണ്ണം കാലിയായിരുന്നുവെന്നാണ് വിവരം. കാല്‍സ്യം കാര്‍ബൈഡ് വെള്ളവുമായി പ്രതിപ്രവര്‍ത്തിച്ച് അസറ്റിലീന്‍ വാതകം പുറപ്പെടുവിക്കുമെന്നും അഡൈ്വസറിയില്‍ പറയുന്നുണ്ട്.





