ഭോപ്പാല്‍: മധ്യപ്രദേശിലെ സിദ്ധിയില്‍ ആദിവാസി യുവാവിന്റെ മുഖത്തേക്ക് ബിജെപി നേതാവ് മൂത്രമൊഴിച്ച സംഭവത്തില്‍ ജനരോഷം ശക്തമായതോടെ ശമിപ്പിക്കാനുള്ള നീക്കങ്ങളുമായി പാർട്ടിയും സർക്കാരും. ഹീനകൃത്യത്തിന് ഇരയായ ദഷ്മത് റാവത്തിന്റെ കാല്‍ കഴുകി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ മാപ്പ് പറഞ്ഞു. വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ ഭോപ്പാലിലെ വസതിയില്‍ വച്ചായിരുന്നു സംഭവം.
|
വീഡിയോ കണ്ട് തനിക്ക് വേദന തോന്നിയെന്നും സംഭവത്തില്‍ മാപ്പ് പറയുന്നതായും മുഖ്യമന്ത്രി റാവത്തിനോട് പറഞ്ഞു. റാവത്തിന്റെ കാൽ കഴുകുന്ന വീഡിയോ ശിവരാജ് സിങ് ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. “ആ വീഡിയോ കണ്ട് ഞാൻ വേദനിച്ചു, ഞാൻ നിങ്ങളോട് മാപ്പ് ചോദിക്കുന്നു, ആളുകൾ എനിക്ക് ദൈവത്തെ പോലെയാണ്”- സിങ് പറഞ്ഞു.
മുഖ്യമന്ത്രി റാവത്തിനെ ഔദ്യോഗിക വസതിയിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നതും കസേരയില്‍ ഇരുത്തുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് നിലത്ത് ചെറിയൊരു സ്റ്റൂളില്‍ ഇരുന്ന് അദ്ദേഹം യുവാവിന്‍റെ കാല്‍ കഴുകുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ശേഷം അദ്ദേഹത്തെ പൂമാലയിട്ടും ഷാള്‍ അണിയിച്ചും ആദരിക്കുകയും ചെയ്തു. റാവത്ത് ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് മുഖ്യമന്ത്രിയുടെ നിര്‍ബന്ധത്തിന് വഴങ്ങുകയായിരുന്നു.
ഇരുപാദങ്ങളും കഴുകിയ ശേഷം വലിയൊരു ഹാരം റാവത്തിന്‍റെ കഴുത്തിലിട്ട ശേഷം ഷാള്‍ അണിയിച്ച് ആദരിക്കുകയും ചെയ്തു. സ്വര്‍ണനിറത്തിലുള്ള ഗണപതി വിഗ്രഹമടക്കമുള്ള സമ്മാനങ്ങളും നല്‍കി. മധുരം റാവത്തിന്‍റെ വായില്‍ വച്ചു നല്‍കിയ ശേഷം കുറച്ചു സമയം റാവത്തുമായി സിങ് സംസാരിക്കുന്നതും വീഡിയോയില്‍ കാണാം.
സിദ്ധിയിലെ കുബ്രിയില്‍ ആദിവാസി യുവാവിന്‍റെ മുഖത്ത് ബിജെപി നേതാവായ പ്രവേശ് ശുക്ല മൂത്രമൊഴിക്കുന്നതിന്‍റെ വീഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്. ചവിട്ടുപടിയിലിരിക്കുകയായിരുന്ന ദഷ്മത് റാവത്തിന്റെ മുഖത്തും ശരീരത്തിലും സിഗരറ്റ് വലിച്ച് പ്രവേശ് ശുക്ല മൂത്രമൊഴിക്കുകയായിരുന്നു.
ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തതോടെയാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്‍എസ്എ പ്രകാരമാണ് ശുക്ലയ്ക്കെതിരെ കേസെടുത്തത്. ഇതിനു പിന്നാലെ ഇയാളുടെ വീട് സിദ്ധി ജില്ലാ ഭരണകൂടം ബുള്‍ഡോസറുമായെത്തി തകര്‍ക്കുകയും ചെയ്തു.
यह वीडियो मैं आपके साथ इसलिए साझा कर रहा हूँ कि सब समझ लें कि मध्यप्रदेश में शिवराज सिंह चौहान है, तो जनता भगवान है।
किसी के साथ भी अत्याचार बर्दाश्त नहीं किया जायेगा। राज्य के हर नागरिक का सम्मान मेरा सम्मान है। pic.twitter.com/vCuniVJyP0
— Shivraj Singh Chouhan (@ChouhanShivraj) July 6, 2023





