കണ്ണൂരില്‍ പട്ടാപ്പകല്‍ മകളുടെ മുന്നിലിട്ട് യുവതിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു
|
കണ്ണൂര്‍: പട്ടാപ്പകല്‍ റോഡില്‍ വച്ച് മകളുടെ മുന്നിലിട്ട് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. വിളമന സ്വദേശി കല്യാടന്‍വീട്ടില്‍ ഉമേഷി (40)നെയാണ് അറസ്റ്റുചെയ്തത്. കഴുത്തില്‍ മുറിവേറ്റ കുന്നോത്ത് ബെന്‍ഹില്‍ സ്വദേശി കെ.യു സജിത (36)യെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെ പത്തോടെ ഇരിട്ടി ബെന്‍ഹില്‍ സ്‌കൂളിനടുത്ത് അന്തര്‍സംസ്ഥാന പാതയിലാണ് സംഭവം. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഉമേഷുമായി പിരിഞ്ഞ സജിത കുട്ടികളോടൊപ്പം വാടകവീട്ടിലാണ് താമസം. കോടതിയില്‍ നടക്കുന്ന കേസുമായി ബന്ധപ്പെട്ട കടലാസ് കൈമാറാനുണ്ടെന്നറിയിച്ച് സജിതയെ വിളിച്ചുവരുത്തിയാണ് ആക്രമണം.
കാറില്‍ വന്ന ഉമേഷ് പുറത്തിറങ്ങിയ ഉടന്‍ സജിതയുമായി വാക്കുതര്‍ക്കമായി. പൊലീസിനെ വിളിക്കാന്‍ ഫോണെടുത്ത സജിതയെ ഉമേഷ് കത്തികൊണ്ട് കഴുത്തിന് വെട്ടുകയായിരുന്നു. ഇളയ മകള്‍ക്കൊപ്പമാണ് സജിത ഭര്‍ത്താവിന്റെ വീട്ടില്‍ എത്തിയത്. പഞ്ചാബ് നാഷണല്‍ ബാങ്ക് ജീവനക്കാരിയാണ് സജിത.
നാട്ടുകാര്‍ ഉമേഷിനെ തടഞ്ഞുവെച്ച് പൊലീസിന് കൈമാറുകയായിരുന്നു. എ.എസ്.ഐ സുജിത്തും സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പത്മരാജനും ചേര്‍ന്ന് കസ്റ്റഡിയിലെടുത്ത് പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.





