തൃശൂര്‍: ആര്‍എസ്എസ് പഥസഞ്ചലന പരിപാടിയില്‍ പങ്കെടുത്ത് സംഘടനയെ വാനോളം പുകഴ്ത്തി സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍. (Music director Ousepachan in RSS program) തേക്കിന്‍കാട് മൈതാനത്ത് ആര്‍.എസ്.എസ് സംഘടിപ്പിച്ച വിദജയദശമി ദിന പരിപാടിയില്‍ അധ്യക്ഷനായിരുന്നു ഔസേപ്പച്ചന്‍.
|
”ആര്‍എസ്എസ് വിശാലമായ സംഘടനയാണെന്നും മറ്റുള്ളവരെ ബഹുമാനിക്കാനും സ്നേഹിക്കാനുമുള്ള പാഠങ്ങളാണ് പഠിപ്പിക്കുന്നതെന്നും ഔസേപ്പച്ചന്‍ പറഞ്ഞു. വ്യക്തിപരമായ ഒരു സ്വാര്‍ഥതക്കും ഇടം കൊടുക്കാതെ പ്രവര്‍ത്തിക്കുന്ന സംഘത്തിന് പ്രണാമം. സംഘത്തിലെ ഒരു വിഭാഗം അവരുടെ ജീവിതം തന്നെ സംഘത്തിന് അര്‍പ്പിച്ചവരാണെന്നത് പുതിയ വിവരമാണ്. ഇവരെയൊക്കെ നാം ശരിക്കും വിശുദ്ധന്മാര്‍ എന്നല്ലേ വിളിക്കേണ്ടത്” -ഔസേപ്പച്ചന്‍ പറഞ്ഞു.
”ആര്‍എസ്എസിനെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു. നാട് നന്നാക്കാന്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്ന സംഘത്തിന് പ്രണാമം. യോഗ ചെയ്യുന്നതും അച്ചടക്കം പാലിക്കുന്നതും ആര്‍എസ്എസ് നല്‍കിയ പാഠങ്ങളാണ്. ഇതുപൊലൊരു അച്ചടക്കം എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല. ഇത്തരമൊരു പരിപാടിയില്‍ പങ്കെടുക്കാന്‍ എനിക്ക് അര്‍ഹതയുണ്ടെന്ന് തോന്നുന്നില്ല. കഴിഞ്ഞ 45 വര്‍ഷത്തോളമായി യോഗ ചെയ്യുന്ന ആളാണ് ഞാന്‍.
പ്രധാനമന്ത്രി യോഗ അഭ്യസിക്കുന്നത് കാണുമ്പോൾ ഞാൻ ആലോചിക്കും, ഇത്രയും ചുമതല വഹിക്കുന്ന ഇദ്ദേഹം എങ്ങനെ ഇതിനൊക്കെ സമയം കണ്ടെത്തുന്നുവെന്ന്. അദ്ദേഹം ആദ്യം നിങ്ങളിൽ ഒരുവൻ അല്ലായിരുന്നോ. അദ്ദേഹത്തിൻ്റെ ചെറുപ്പത്തിലേ ശീലത്തെ തുടർന്നാണ് ഏതൊരു വേദിയിലും അനായാസം യോഗ ചെയ്യാൻ സാധിക്കുന്നത്. അതുതന്നെയാണ് അദ്ദേഹത്തിന് മനസ്സിന് കിട്ടുന്ന ധൈര്യവും ഉണർവും ചിന്താശക്തിയും. ആർഎസ്എസിൻ്റെ അച്ചടക്കം കണ്ടുപഠിക്കേണ്ട കാര്യമാണ്.
സംഗീതമല്ലാതെ മറ്റു കാര്യങ്ങള്‍ ഞാന്‍ കൃത്യമായി ശ്രദ്ധിക്കാറില്ല. ഔസേപ്പച്ചന്‍ എന്താ ഇവിടെയെന്ന് ചിലര്‍ കരുതിയിട്ടുണ്ടാകും. സംഘമെന്നത് സങ്കുചിതമായി ചിന്തിക്കുന്നവരല്ല, വിശാലമായി ചിന്തിക്കുന്നവരാണ്. അതുകൊണ്ടാണ് ഇന്ന് ഞാനിവിടെ നില്‍ക്കുന്നത്”. പരിപാടിയിലേക്ക് തന്നെ ക്ഷണിച്ചവരോട് നന്ദി അറിയിച്ചുകൊണ്ടാണ് ഔസേപ്പച്ചന്‍ പ്രസംഗം അവസാനിപ്പിച്ചത്.
കേരളത്തില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങളെ ബിജെപിയിലേക്ക് അടുപ്പിക്കാന്‍ സംഘപരിവാരം അടുത്ത കാലത്തായി ശ്രമങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ക്രിസ്ത്യന്‍ പുരോഹിതന്മാര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, കലാകാരന്മാര്‍ തുടങ്ങിയവരെ പ്രത്യേകമായി ടാര്‍ജറ്റ് ചെയ്തുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.
ആ ശ്രമങ്ങള്‍ വിജയം കാണുന്നു എന്നതിന്റെ തെളിവായിരുന്നു തൃശൂരില്‍ സുരേഷ് ഗോപിക്കുണ്ടായ ജയം. ഔസേപ്പച്ചന്റെ ആര്‍എസ്എസ് പരിപാടിയിലെ സാന്നിധ്യം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണോ എന്ന് വ്യക്തമല്ല.





