28
Nov 2023
Wed
28 Nov 2023 Wed

നവകേരള സദസ്സിന് വിദ്യാര്‍ഥികളെ എത്തിക്കണമെന്ന് മലപ്പുറത്തെ സ്‌കൂളിന് നിര്‍ദേശം; വിവാദം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

മലപ്പുറം: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിലേക്ക് വിദ്യാര്‍ഥികളെ എത്തിക്കാന്‍ മലപ്പുറത്തെ സ്‌കൂളിന് കര്‍ശന നിര്‍ദേശം ലഭിച്ചത് വിവാദമാകുന്നു. മലപ്പുറം തിരൂരങ്ങാടി ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ (ഡിഇഒ) വിളിച്ചുചേര്‍ത്ത പ്രധാനാധ്യാപകരുടെ യോഗത്തിലാണ് വിവാദ നിര്‍ദേശം നല്‍കിയത്. ഓരോ സ്‌കൂളില്‍നിന്നും കുറഞ്ഞത് 200 കുട്ടികളെയെങ്കിലും എത്തിക്കണമെന്നാണ് ആവശ്യം. താനൂര്‍ മണ്ഡലത്തില്‍നിന്ന് 200 ഉം തിരൂരങ്ങാടി, വേങ്ങര മണ്ഡലങ്ങളില്‍നിന്ന് കുറഞ്ഞത് 100 കുട്ടികളെ വീതമെങ്കിലും എത്തിക്കണമെന്നാണ് ഡിഇഒ നിര്‍ദേശിച്ചത്. എന്നാല്‍, ഇതുസംബന്ധിച്ച് ഓദ്യോഗിക നിര്‍ദേശം സര്‍കുലര്‍ ആയി ഇറക്കിയിട്ടില്ല.

ഡിഇഒയുടെ നിര്‍ദേശത്തോട് പ്രധാന അധ്യാപകര്‍ അതൃപ്തി അറിയിച്ചപ്പോള്‍ എല്ലാം മുകളില്‍നിന്നുള്ള നിര്‍ദേശമാണെന്നാണ് ഡിഇഒ മറുപടി നല്‍കിയത്. കുട്ടികളെ എത്തിക്കുന്നതിന് വിദ്യാര്‍ഥികളുടെ രക്ഷിതാക്കളുടെ സമ്മതപത്രം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍, അത് സ്‌കൂളുകള്‍ സ്വന്തം നിലയ്ക്ക് കൈകാര്യം ചെയ്യണമെന്ന മറുപടിയും ലഭിച്ചു.

കുട്ടികളെ കൂട്ടമായി കൊണ്ടുപോകുന്ന കാര്യത്തിലും സ്‌കൂള്‍ ബസ് ഉപയോഗിക്കുന്നതിലും ഉള്ള ബുദ്ധിമുട്ട് അറിയിച്ചപ്പോള്‍ വേണമെങ്കില്‍ പ്രാദേശിക അവധി നല്‍കാമെന്നായിരുന്നു പ്രതികരണം.

ഡിഇഒയുടെ നിര്‍ദേശത്തിനെതിരേ പ്രതിപക്ഷകക്ഷികള്‍ രംഗത്തുവന്നുകഴിഞ്ഞു. കുട്ടികളെ നിര്‍ബന്ധമായും പങ്കെടുപ്പിക്കുന്ന നടപടി ശരിയല്ലെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.