18
Jan 2024
Sun
18 Jan 2024 Sun

ഹൂതികള്‍ ആക്രമിച്ച ബ്രിട്ടീഷ് കപ്പലില്‍ 22 ഇന്ത്യക്കാരും; ആര്‍ക്കും പരിക്കില്ല

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: കഴിഞ്ഞദിവസം യമനിലെ ഹൂതികള്‍ ആക്രമിച്ച ബ്രിട്ടീഷ് എണ്ണക്കപ്പല്‍ മാര്‍ലിന്‍ ലുവാണ്ടയില്‍ 22 ഇന്ത്യക്കാരുള്ളതായി നാവികസേന അറിയിച്ചു. കപ്പലില്‍ 22 ഇന്ത്യക്കാര്‍ക്ക് പുറമെ ഒരു ബംഗ്ലദേശ് സ്വദേശിയുമുള്ളതായും എന്നാല്‍ ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും നാവിക സേന അറിയിച്ചു. വെള്ളിയാഴ്ച രാത്രി ഗള്‍ഫ് ഓഫ് എദനില്‍വച്ചാണ് കപ്പല്‍ ഹൂതികള്‍ ആക്രമിച്ചത്. തീപിടിച്ച കപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

കപ്പലിനു തീപിടിച്ച വിവരം ലഭിച്ച ഉടനെ നാവിക സേനയുടെ ഐഎന്‍എസ് വിശാഖപട്ടണം എന്ന കപ്പല്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഗള്‍ഫ് ഓഫ് ഏദനിലെത്തിച്ചു.

ആദ്യമായിട്ടാണ് ബ്രിട്ടീഷ് കപ്പല്‍ ഹൂതികളുടെ ആക്രമണത്തിന് ഇരയാകുന്നത്. മിസൈലുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഹൂതി വക്താവ് യഹ്യ സാറീ പറഞ്ഞു. ഗാസയില്‍ ഇസ്രായേലിന്റെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഹൂതികളുടെ ആക്രമണം. അടുത്തിടെ ചെങ്കടലില്‍ ഒരു യുഎസ് ചരക്കു കപ്പലിനു നേരെയും ഹൂതികളുടെ ആക്രമണമുണ്ടായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ഹൂതി വിമതര്‍ മിസൈല്‍ ആക്രമണം നടത്തിയ എണ്ണക്കപ്പലില്‍ 25 ഇന്ത്യക്കാരുണ്ടായിരുന്നു.

ചെങ്കടല്‍ വഴി പോകുന്ന ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകള്‍ ഇനിയും ആക്രമിക്കുമെന്ന് ഹൂതികള്‍ ആവര്‍ത്തിച്ചിട്ടുണ്ട്. ഹൂതികളുടെ നടപടി ഈ വഴിയുള്ള ചരക്ക് കടത്തിനെ ബാധിച്ചിട്ടുണ്ട്.