15
Mar 2023
Sat
15 Mar 2023 Sat

ന്യൂയോർക്ക്: വിവാദ ആൾദൈവം നിത്യാനന്ദയുടെ ‘യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഓഫ് കൈലാസ’യുമായുള്ള കരാർ റദ്ദാക്കി അമേരിക്കയിലെ നെവാർക്ക് നഗരം. കൈലാസത്തിന്റെ പ്രതിനിധി മാ വിജയപ്രിയ യു.എൻ യോഗത്തിൽ പങ്കെടുത്തതിന് പിന്നാലെ, സ്വയം പ്രഖ്യാപിത രാജ്യത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നതോടെയാണ് പിൻമാറ്റമെന്ന് നഗരാധികൃതർ അറിയിച്ചു.
മനുഷ്യാവകാശങ്ങൾ നിലനിൽക്കാത്ത സ്ഥലങ്ങളുമായി സൗഹൃദം സ്ഥാപിക്കുന്നത് ശരിയല്ലെന്ന് മനസ്സിലാക്കിയാണ് കരാറിൽ നിന്ന് പിൻമാറിയതെന്ന് നെവാർക്ക് സിറ്റി അധികൃതർ വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘കൈലാസയെ ചുറ്റിപ്പറ്റിയുള്ള സാഹചര്യങ്ങൾ ഞങ്ങൾ മനസ്സിലാക്കി. ജനുവരി 12ലെ ഉടമ്പടി റദ്ദാക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു. ‘ഇതൊരു ഖേദകരമായ സംഭവമാണ്. അതേസമയം, പരസ്പര ബന്ധങ്ങൾ ഊഷ്മളമാക്കുന്നതിന് വിവിധ സംസ്‌കാരങ്ങൾ ഉയർത്തിപ്പിടിക്കുന്ന ആളുകളുമായി സഹകരിക്കാൻ നഗരം തയ്യാറാണ്’ ‘ നെവാർക്ക് സിറ്റി ഓഫ് കമ്മ്യൂണിക്കേഷൻ പ്രെസ് സെക്രട്ടറി സൂസൻ ഗരോഫലോ പറഞ്ഞു.

ജനുവരി 12നായിരുന്നു കൈലാസയുമായി നെവാർക്ക് സഹോദര നഗര കരാറിൽ ഒപ്പുവച്ചത്. നെവാർക്കിലെ സിറ്റി ഹാളിൽ ആയിരുന്നു പരിപാടി. ബലാത്സംഗ കുറ്റം അടക്കം ചുമത്തി ഇന്ത്യ കുറ്റവാളിയായി പ്രഖ്യാപിച്ച നിത്യാനന്ദ, 2019ലാണ് കൈലാസം എന്നപേരിൽ രാജ്യം സ്ഥാപിച്ചതായി പ്രഖ്യാപിച്ചത്. രാജ്യത്ത് 200 കോടി ഹിന്ദുക്കൾ താമസിക്കുന്നുണ്ടെന്നാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് കൈലാസ തങ്ങളുടെ വെബ്‌സൈറ്റിൽ അവകാശപ്പെടുന്നത്.

മനുഷ്യാവകാശങ്ങൾ നിലനിൽക്കാത്ത സ്ഥലങ്ങളുമായി സഹോദര നഗര കരാറിൽ ഏർപ്പെടുന്നത് ഹിതകരല്ലെന്ന് ചൂണ്ടിക്കാട്ടി ലാർജ് ലൂയിസ് ക്വിന്റാന കൗൺസിലർ അവതരിപ്പിച്ച പ്രമേയത്തെ തുടർന്നാണ് സിറ്റി കൗൺസിൽ കരാറിൽ നിന്ന് പിൻമാറാൻ തീരുമാനിച്ചത്.

ഫെബ്രുവരി 22ന് ജനീവയിൽ നടന്ന യുഎൻ പൊതു സമ്മേളനത്തിലാണ് കൈലാസത്തിൽ നിന്നുള്ള പ്രതിനിധി പങ്കെടുത്തത്. ‘റെപ്രസന്റേഷൻ ഓഫ് വുമൺ ഇൻ ഡിസിഷൻ മേക്കിങ് സിസ്റ്റം’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിലും സാമ്പത്തിക, സാമൂഹ്യ, അടിസ്ഥാന വികസന വിഷയങ്ങളിൽ നടന്ന ചർച്ചയിലും കൈലാസയുടെ പ്രതിനിധി പങ്കെടുത്തിരുന്നു.