തിരുവനന്തപുരം: പാലോട് നവവധു ഇന്ദുജയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിന് പിന്നാലെ അദ്ദേഹത്തിന്റെ സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഭര്‍ത്താവ് ഇളവട്ടം സ്വദേശി അഭിജിത്തിന്റെ അടുത്ത സുഹൃത്ത് അജാസിനെയാണ് കസ്റ്റഡിയിലെടുത്തത്. രണ്ടുപേരെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
|
ഇന്ദുജയെ അജാസ് മര്‍ദ്ദിച്ചുവെന്ന് പൊലീസ് സംശയിക്കുന്നു. കസ്റ്റഡിയില്‍ എടുത്തപ്പോള്‍ അഭിജിത്തിന്റെയും അജാസിന്റെയും ഫോണിലെ വാട്‌സ് ആപ് ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്ത നിലയിലായിരുന്നു. ഇതില്‍ പൊലീസിന് സംശയമുണ്ട്. ഇന്ദുജയുടെ കണ്ണിന് താഴെയും തോളിലുമായി മര്‍ദനത്തിന്റെ പാടുകള്‍ കണ്ടെത്തിയിരുന്നു.
പാലോട് ഇടിഞ്ഞാര്‍ കൊളച്ചല്‍ കൊന്നമൂട് സ്വദേശി ഇന്ദുജയെ വെള്ളിയാഴ്ചയാണ് അഭിജിത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറിയിലെ ജനലില്‍ തൂങ്ങിയ നിലയിലാണ് ഇന്ദുജയെ കണ്ടത്. അഭിജിത്ത് ഉച്ചയ്ക്ക് വീട്ടില്‍ ഊണുകഴിക്കാനെത്തിയപ്പോഴാണ് മരണവിവരം അറിഞ്ഞത്. ഈ സമയം അഭിജിത്തിന്റെ അമ്മൂമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഉടന്‍ ഇന്ദുജയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഇന്ദുജയുടെ വീട്ടുകാരുമായി അഭിജിത്തിനു കാര്യമായ ബന്ധമില്ലായിരുന്നു. എന്നാല്‍ ഇന്ദുജ അമ്മയോടും സഹോദരനോടും ഫോണില്‍ സംസാരിക്കുമായിരുന്നു. സ്വകാര്യ ലാബിലെ ജീവനക്കാരിയാണ് ഇന്ദുജ. അഭിജിത്ത് സ്വകാര്യ വാഹന കമ്പനിയിലെ ജീവനക്കാരനുമാണ്. ആദിവാസി വിഭാഗത്തില്‍പ്പെട്ട ഇന്ദുജയുമായി അഭിജിത്ത് രണ്ടുവര്‍ഷത്തോളം പ്രണയത്തിലായിരുന്നു. ഇന്ദുജയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ആദിവാസി ക്ഷേമ സമിതിയും ആദിവാസി മഹാസഭയും രംഗത്തുവന്നു.
മകളെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് ആരോപിച്ച് അച്ഛന്‍ ശശിധരന് കാണിയാണ് പൊലീസില്‍ പരാതി നല്‍കിയത്. മൂന്നുമാസം മുമ്പാണ് ഇന്ദുജയും അഭിജിത്തും തമ്മിലുള്ള വിവാഹം നടന്നത്. ഇന്ദുജയുടെ ശരീരത്തില്‍ രണ്ടുദിവസം പഴക്കമുള്ള പാടുകള്‍ ഉണ്ട്.
യുവതിയുടെ മൃതദേഹം ശനിയാഴ്ച ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Newly wed Induja’s death: husband, his friend in custody





