മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വെറും എല്‍ഡിഎഫ്, യുഡിഎഫ് പോരാട്ടമെന്ന് കരുതിയെങ്കില്‍ തെറ്റി. (Nilambur Byelection: campaign continues despite heavy rain) പി.വി. അന്‍വറും എസ്ഡിപിഐയും കളം നിറഞ്ഞതോടെ ഓരോ വോട്ടുകളും നിര്‍ണായകമാവുന്ന സ്ഥിതിയാണ് മണ്ഡലത്തില്‍. മനസ്സില്ലാ മനസ്സോടെ ബിജെപിയും അവസാന റൗണ്ടില്‍ ഇറക്കുമതി സ്ഥാനാര്‍ഥിയെ ഇറക്കിയിട്ടുണ്ട്.
|
മല്‍സരം കടുത്തതോടെ അന്‍വര്‍ പ്രശ്‌നത്തില്‍ പിണങ്ങിയ ലീഗും കോണ്‍ഗ്രസും വെല്ലുവിളി ഒന്നിച്ച് നേരിടാന്‍ ധാരണയായിട്ടുണ്ട്. ആര്യാടന്‍ ഷൗക്കത്ത് ജയിക്കണമെന്ന് ലീഗിന് വലിയ താല്‍പര്യമില്ലെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിനെയും 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിനെയും നിലമ്പൂര്‍ ഫലം സ്വാധീനിക്കുമെന്നതാണ് ലീഗിനെ കളത്തിലിറങ്ങാന്‍ പ്രേരിപ്പിക്കുന്നത്.
യു.ഡി.എഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനത്തിനെത്തിയ എ.ഐ.സി.സി സംഘടന ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും മുസ്‌ലിംലീഗ് ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും വിഷയം ചര്‍ച്ചചെയ്തു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പാണക്കാട് തങ്ങന്മാരെ അടക്കം അണിനിരത്തി പ്രചാരണം കൊഴുപ്പിക്കാനാണ് തീരുമാനം.
ALSO READ: പാണക്കാട് കുടുംബത്തിന്റെ ബഹിഷ്‌കരണ വിവാദം; അബ്ബാസലി തങ്ങള്‍ ഇന്ന് യുഡിഎഫ് കണ്‍വന്‍ഷനില്‍
അന്‍വര്‍ സ്ഥാനാര്‍ഥിയായ സ്ഥിതിക്ക് യു.ഡി.എഫിന്റെ വിജയം ഉറപ്പുവരുത്താന്‍ പരമാവധി ഊര്‍ജം സംഭരിച്ച് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാനാണ് യു.ഡി.എഫ് നേതൃയോഗ ധാരണ. പാര്‍ട്ടി വോട്ടുകള്‍ അന്‍വറിലേക്ക് പോകാതിരിക്കാന്‍ ലീഗ് സ്വന്തം നിലക്കും ബൂത്ത് തലത്തില്‍ സംഘടന സംവിധാനം ശക്തമാക്കും. ലീഗിന് സ്വാധീനമുള്ള മൂന്ന് ഗ്രാമപഞ്ചായത്തുകളില്‍ പാര്‍ട്ടി കൂടുതല്‍ ശ്രദ്ധയൂന്നും.
അന്‍വര്‍ പിടിക്കുന്ന യു.ഡി.എഫ് വോട്ടുകളിലാണ് ഇടതിന്റെ പ്രതീക്ഷ. തോല്‍വി ഉറപ്പിച്ചിരുന്നിടത്താണ് എല്‍.ഡി.എഫ് വിജയം സ്വപ്നം കാണുന്നത്. അതിനനുസരിച്ച് പ്രചാരണം സൂക്ഷ്മതലത്തില്‍ കൂടുതല്‍ ശക്തിപ്പെടുത്തിയിരിക്കുകയാണ് ഇടതു ക്യാമ്പ്. കൂടുതല്‍ പ്രചാരണ യോഗങ്ങളിലേക്ക് മുഖ്യമന്ത്രിയെത്തും. എസ്ഡിപിഐ സ്ഥാനാര്‍ഥിയുടെ സാന്നിധ്യവും തങ്ങള്‍ക്ക് ഗുണകരമാവുമെന്ന വിലയിരുത്തലിലാണ് എല്‍ഡിഎഫ്.
പരമാവധിയിടങ്ങളില്‍ സ്ഥാനാര്‍ഥിതന്നെ വോട്ടഭ്യര്‍ഥിച്ചെത്തും. പരമ്പരാഗത വോട്ടുകള്‍ ചോരാതിരിക്കാനുള്ള ജാഗ്രതയും സി.പി.എം ഭാഗത്തുനിന്നുണ്ട്.
തുടക്കം മുതല്‍ തന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയും ഏറ്റവുമാദ്യം നോമിനേഷന്‍ സമര്‍പ്പിക്കുകയും ചെയ്ത എസ്ഡിപിഐയും പ്രചാരണത്തില്‍ സജീവമാണ്. മണ്ഡലത്തില്‍ 5000ഓളം ഉറച്ച വോട്ടുകള്‍ തങ്ങള്‍ക്കുണ്ടെന്നാണ് എസ്ഡിപിഐ അവകാശപ്പെടുന്നത്. ഇത് വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് അഡ്വ. സാദിഖ് നടുത്തൊടിയെ മുന്നില്‍ നിര്‍ത്തി എസ്ഡിപിഐ പ്രവര്‍ത്തകര്‍.
മുന്നണികള്‍ അന്‍വറില്‍ ചുറ്റിത്തിരിയുമ്പോള്‍ ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് എസ്ഡിപിഐ പ്രചാരണം. നിലമ്പൂരിന്റെ വികസനവും ആദിവാസി പ്രശ്‌നങ്ങളും വന്യജീവി ആക്രമണവുമൊക്കെയാണ് പ്രധാന പ്രചാരണ വിഷയങ്ങള്‍.
മനസ്സില്ലാ മനസ്സോടെ കളത്തിലിറങ്ങിയ ബി.ജെ.പി അവസാനനിമിഷം പ്രചാരണത്തില്‍ സജീവമാണ്. ക്രൈസ്തവ വോട്ടുകളില്‍ കണ്ണ് വെച്ചാണ് മോഹന്‍ ജോര്‍ജിനെ കളത്തിലിറക്കിയതെങ്കിലും പരമ്പരാഗത യു.ഡി.എഫ് വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴ്ത്താന്‍ പ്രയാസമായിരിക്കും. മോഹന്‍ ജോര്‍ജ് പ്രതിനിധാനംചെയ്യുന്ന മാര്‍ത്തോമ സഭ ബി.ജെ.പിയോട് അനുഭാവം പ്രകടിപ്പിക്കാത്ത വിഭാഗമാണ്.
കോണ്‍ഗ്രസ്, ലീഗ് വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തി വോട്ടുറപ്പിക്കാനാണ് അന്‍വറിന്റെ നീക്കം. അന്തരിച്ച മുന്‍ ഡി.സി.സി അധ്യക്ഷന്‍ വി.വി. പ്രകാശിന്റെ വീട്ടിലെത്തി വോട്ടഭ്യര്‍ഥിച്ചാണ് പ്രചാരണ തുടക്കം. ആര്യാടന്‍ ഷൗക്കത്തിനെതിരായ നെഗറ്റീവ് വോട്ടുകള്‍ പെട്ടിയിലാക്കാനുള്ള തന്ത്രങ്ങളും അന്‍വര്‍ പയറ്റുന്നുണ്ട്.
ബംഗാള്‍ നേതാക്കളെ ഇറക്കി കാടിളക്കാനും നീക്കമുണ്ട്. മലപ്പുറത്തിന്റെ പ്രശനങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വന്നതുകൊണ്ടാണ് തന്റെ ജീവന് പോലും ഇപ്പോള്‍ ഭീഷണിയായതെന്ന പ്രചാരണത്തിലൂടെ സഹതാപ വോട്ടുകള്‍ക്കും അന്‍വര്‍ ശ്രമിക്കുന്നു.
കാലവര്‍ഷം ഇത്തവണ പോളിങ് ശതമാനം കുറക്കുമോ എന്ന ആശങ്ക മുന്നണികള്‍ക്കുണ്ട്. പോളിങ് ശതമാനം 65 ശതമാനത്തില്‍ താഴെ വന്നാല്‍ മുന്നണികള്‍ക്ക് കിട്ടുന്ന വോട്ടുകളില്‍ പതിനായിരത്തിന്റെ കുറവ് വരും. അതുകൊണ്ട് തന്നെ ചെറിയ അടിയൊഴുക്കുകള്‍ പോലും ജയപരാജയങ്ങളില്‍ നിര്‍ണായകമാവും.


