യമന്‍ പൗരന്‍ തലാല്‍ അബ്ദു മഹ്ദിയെ കൊന്ന് മൃതദേഹം ജലസംഭരണിയില്‍ ഒളിപ്പിച്ചെന്ന കേസില്‍ ജയിലില്‍ കഴിയുന്ന മലയാളി നിമിഷ പ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പാക്കും. (Nimisha Priya will be executed on July 16)ഇത് സംബന്ധിച്ച ഉത്തരവില്‍ യമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവച്ചു. പാലക്കാട് കൊല്ലങ്കോട് സ്വദേശിയാണ് നിമിഷപ്രിയ.
|
2017 ജൂലൈ 25നാണ് തലാല്‍ അബ്ദുല്‍ മഹ്ദി കൊല്ലപ്പെട്ടത്. സാഹചര്യ തെളിവുകളെല്ലാം പ്രതികൂലമായതിനെ തുടര്‍ന്ന് നിമിഷയ്ക്ക് യമന്‍ കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു.
യമനിലെത്തിയ ശേഷം തലാല്‍ അബ്ദുല്‍ മഹ്ദിയുമായി പരിചയത്തിലായ നിമിഷപ്രിയ അദ്ദേഹവുമായി ചേര്‍ന്ന് കച്ചവടപങ്കാളിത്തത്തോടെ ക്ലിനിക്ക് തുടങ്ങുകയുമായിരുന്നു. രാജ്യത്ത് യമന്‍ പൗരന്മാരുടെ ഉത്തരവാദിത്തത്തിലല്ലാതെ സ്ഥാപനങ്ങള്‍ തുടങ്ങാനാകില്ല. ഇതിനാലാണ് മഹ്ദിയുടെ സഹായം തേടിയത്.
ക്ലിനിക്കിനായി കൂടുതല്‍ പണം ആവശ്യം വന്നതോടെ നിമിഷയും ഭര്‍ത്താവും നാട്ടിലേക്കു മടങ്ങി. പിന്നീട് നിമിഷ മാത്രമായിരുന്നു യമനിലേക്കു തിരിച്ചുപോയത്. മഹ്ദിയുമായി ചേര്‍ന്ന് ക്ലിനിക്ക് തുടങ്ങിയശേഷം ഭാര്യയാണെന്നു വിശ്വസിപ്പിച്ച് വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി. ഇതിനിടെ, ഇരുവരും ചേര്‍ന്ന് ആരംഭിച്ച ക്ലിനിക്കിലെ വരുമാനം മുഴുവന്‍ തലാല്‍ സ്വന്തമാക്കുകയും പാസ്പോര്‍ട്ട് തട്ടിയെടുക്കുകയും ചെയ്തതായി നിമിഷപ്രിയയുടെ കുടുംബം ആരോപിക്കുന്നു.
അധികൃതര്‍ക്ക് പരാതി നല്‍കിയ യുവതിയെ മഹ്ദി മര്‍ദ്ദിക്കുകയും ചെയ്തു. ജീവന്‍ അപകടത്തിലാകുമെന്ന ഘട്ടത്തിലാണ് താന്‍ മഹ്ദിയെ അപായപ്പെടുത്തിയതെന്നാണ് നിമിഷപ്രിയ അവകാശപ്പെടുന്നത്. അതേ സമയം നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ദിയാധനം ആവശ്യപ്പെട്ടെന്നും വിവരമുണ്ട്.
ദിയാധനം ഏറ്റുവാങ്ങിയോ അല്ലാതെയോ മഹ്ദിയുടെ കുടുംബം മാപ്പ് നല്‍കിയാല്‍ മാത്രമേ നിമിഷ പ്രിയയ്ക്ക് ഇനി വധശിക്ഷയില്‍ നിന്ന് ഒഴിവാകാന്‍ കഴിയൂ. കോഴിക്കോട് സ്വദേശിയായ അബ്ദുര്‍റഹീം സൗദിയില്‍ ഇപ്രകാരം ഇരയുടെ കുടുംബം ദിയാധനം ഏറ്റുവാങ്ങിയതോടെ വധശിക്ഷയില്‍ നിന്ന് ഒഴിവായി ജയിലില്‍ തുടരുന്നുണ്ട്.
ALSO READ: വധശിക്ഷയ്ക്കു വിധേയനാക്കുന്നതിന് തൊട്ടുമുമ്പ് മകന്റെ ഘാതകന് മാപ്പ് നൽകി പിതാവ്


