28
Sep 2023
Thu
28 Sep 2023 Thu

നിപ: കോഴിക്കോട് പൊതുപരിപാടികള്‍ക്ക് വിലക്ക്: വിവാഹത്തിന് ആളുകളുടെ എണ്ണം കുറയ്ക്കണം, സ്‌കൂളുകള്‍ക്ക് 2 ദിവസം അവധി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: ജില്ലയില്‍ നിപ്പ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അടുത്ത 10 ദിവസം നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന എല്ലാ പൊതുപരിപാടികളും നിര്‍ത്തിവയ്ക്കാന്‍ കലക്ടറുടെ നിര്‍ദേശം. ഉത്സവങ്ങള്‍, പള്ളിപ്പെരുന്നാളുകള്‍, അതുപോലുള്ള മറ്റു പരിപാടികള്‍ എന്നിവയില്‍ ജനങ്ങള്‍ കൂട്ടത്തോടെ പങ്കെടുക്കുന്നത് ഒഴിവാക്കി ചടങ്ങുകള്‍ മാത്രമായി നടത്തണമെന്നാണ് നിര്‍ദ്ദേശം.

വിവാഹം, റിസപ്ഷന്‍ തുടങ്ങി മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളില്‍ പൊതുജന പങ്കാളിത്തം പരമാവധി കുറയ്ക്കണം. പ്രോട്ടോക്കോള്‍ അനുസരിച്ചു ചുരുങ്ങിയ ആളുകളെ ഉള്‍പ്പെടുത്തി ഇത്തരം പരിപാടികള്‍ നടത്തണം. ഇതു സംബന്ധിച്ചു ബന്ധപ്പെട്ട പൊലീസ് സ്‌റ്റേഷനില്‍ അറിയിച്ചു മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും നിര്‍ദ്ദേശമുണ്ട്. പൊതുജനങ്ങള്‍ ഒത്തുചേരുന്ന നാടകം പോലുളള കലാ സാംസ്‌കാരിക പരിപാടികള്‍, കായിക മത്സരങ്ങള്‍ എന്നിവ മാറ്റിവയ്‌ക്കേണ്ടതാണ്. നിപ്പ രോഗബാധയുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പൊലീസിനു നിര്‍ദേശം നല്‍കി. പൊതുയോഗങ്ങള്‍, പൊതുജന പങ്കാളിത്തം ഉണ്ടാകുന്ന പൊതുപരിപാടികള്‍ എന്നിവ മാറ്റിവയ്ക്കണമെന്നും കലക്ടറുടെ ഉത്തരവില്‍ പറയുന്നു.

ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും നാളെയും ജില്ലാ കലക്ടര്‍ അവധിയും പ്രഖ്യാപിച്ചു. പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അങ്കണവാടി, മദ്രസകള്‍ ഉള്‍പ്പെടെ) അവധി ബാധകമാണെന്ന് ജില്ലാ കലക്ടര്‍ എ.ഗീത അറിയിച്ചു. രാത്രി വൈകിയാണ് അവധി പ്രഖ്യാപിച്ച് കലക്ടര്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തത്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒരുക്കാമെന്ന് കലക്ടര്‍ അറിയിച്ചു. സര്‍വകലാശാല പരീക്ഷകളില്‍ മാറ്റമുണ്ടാകില്ല.