തിരൂരങ്ങാടി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 മണ്ഡലങ്ങളിലും യുഡിഎഫിന് വോട്ട് ചെയ്യാനുള്ള നിലപാടില്‍ മാറ്റമില്ലെന്ന് സൂചിപ്പിച്ച് എസ്ഡിപിഐ. എസ്ഡിപിഐ തിരൂരങ്ങാടി മണ്ഡലം പ്രവര്‍ത്തക തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ ആണ് നേതാക്കള്‍ ഇക്കാര്യം സൂചിപ്പിച്ചത്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ രണ്ടു തവണയായി എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. എന്നാല്‍, പ്രഖ്യാപിത നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതായാണ് വ്യക്തമാവുന്നത്. ( No change in position; SDPI says vote for UDF )
|
ഇന്ത്യയെ തകര്‍ക്കുന്ന ഫാഷിസ്റ്റ് ഭരണകൂടത്തെ താഴെ ഇറക്കാന്‍ തിരഞ്ഞെടുപ്പില്‍ മതനിരപേക്ഷ കക്ഷിക്ക് ശക്തി പകരാന്‍ മുന്നിട്ടിറങ്ങണമെന്ന് തിരൂരങ്ങാടി മണ്ഡലം കണ്‍വന്‍ഷില്‍ പ്രസംഗിക്കവേ എസ്ഡിപിഐ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് അരീക്കല്‍ ബീരാന്‍കുട്ടി ആവശ്യപ്പെട്ടു. രാജ്യം ഉയര്‍ത്തി പ്പിടിച്ചിരുന്ന മൂല്യങ്ങളെ ഓരോന്നായി തകര്‍ത്ത ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെ ജനാധിപത്യ സമൂഹം ഒരുമിച്ച് നില്‍ക്കുമ്പോള്‍, ദേശീയ തലത്തില്‍ മതനിരപേക്ഷ കക്ഷിയോടൊപ്പം നില്‍ക്കുക എന്നത് പൗരന്മാരുടെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇതിന് സംസ്ഥാന തലത്തില്‍ മാത്രം മുന്നണിയില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നവരെ ശക്തിപ്പെടുത്തുന്നത് അപ്രസക്തമാണ്. പകരം ദേശീയ കാഴ്ചപ്പാടോടുകൂടി മറ്റ് അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് കൊണ്ട് കേരളത്തിലെ 20 മണ്ഡലങ്ങളില്‍ നേരത്തെ എസ്ഡിപിഐ സ്വീകരിച്ച നയത്തില്‍ ഉറച്ച് നില്‍ക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സജ്ജമാണെന്നും ഇതിനിടയിലെ വിവാദങ്ങളൊന്നും മുഖവിലക്കെടുക്കില്ലന്നും അദ്ദേഹം പറഞ്ഞു.
പിന്തുണ തേടി നിരവധി ഇടത്, വലത് നേതാക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ എസ്ഡിപിഐ നേതൃത്വത്തെ രഹസ്യമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍, സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന യുഡിഎഫിന് തന്നെ പിന്തുണ നല്‍കുമെന്ന വ്യക്തമായ സൂചനയാണ് നേതാക്കള്‍ കണ്‍വന്‍ഷനില്‍ നല്‍കിയത്. കടുത്ത പോരാട്ടം നടക്കുന്ന കാസര്‍കോഡ്, കണ്ണൂര്‍, വടകര, തൃശൂര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും ഈ പിന്തുണ യുഡിഎഫിന് ആശ്വാസമാവും. ചില മണ്ഡലങ്ങളിലെങ്കിലും എസ്ഡിപിഐ മാറിച്ചിന്തിച്ചേക്കുമെന്ന എല്‍ഡിഎഫ് പ്രതീക്ഷയാണ് ഇതോടെ ഇല്ലാതാവുന്നത്.





