26
Feb 2024
Fri
26 Feb 2024 Fri

മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റ് മോഹം അസ്തമിച്ചു; സിറ്റിങ് സീറ്റ് വിട്ടുനല്‍കില്ല; ഉറച്ച് കോണ്‍ഗ്രസ്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിറ്റിങ് സീറ്റ് വിട്ടുനല്‍കില്ലെന്ന് കോണ്‍ഗ്രസ് നിലപാടെടുത്തതോടെ മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റ് മോഹം അസ്തമിച്ചു. മൂന്നാം സീറ്റ് എന്ന മുസ്ലീം ലീഗിന്റെ ആവശ്യം കോണ്‍ഗ്രസ് നിരസിച്ചു. കാലങ്ങളായി ലീഗ് ഉയര്‍ത്തുന്ന ആവശ്യമാണ് ലോക്‌സഭയിലേക്ക് മൂന്ന് സീറ്റുകളില്‍ മത്സരിപ്പിക്കണം എന്നത്. എന്നാല്‍ സിറ്റിംഗ് സീറ്റ് വിട്ടുനല്‍കാന്‍ കഴിയില്ലെന്നാണ് ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട്.

ലീഗ് ആവശ്യപ്പെട്ടത് വയനാട് സീറ്റാണ്. കണ്ണൂര്‍, വടകര സീറ്റുകളിലും അവകാശവാദം ഉന്നയിച്ചിരുന്നു. 16 സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കും. 2 സീറ്റ് ലീഗിനും ഓരോ സീറ്റ് വീതം കേരള കോണ്‍ഗ്രസിനും ആര്‍എസ്പിക്കും നല്‍കും. ഫെബ്രുവരി 5ന് യുഡിഎഫ് ഏകോപന സമിതി തിരുവനന്തപുരത്ത് ചേരും. ഇതിന് ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക.

കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് നല്‍കാനാണ് യുഡിഎഫിലെ ധാരണ. കൊല്ലം ആര്‍എസ്പിക്ക് തന്നെ നല്‍കും. ലീഗിന്റെ ആവശ്യത്തില്‍ നിലവിലെ സിറ്റിംഗ് സീറ്റ് വിട്ട് നല്‍കാനാകില്ലെന്ന വ്യക്തമായ നിലപാട് കോണ്‍ഗ്രസ് മുന്നോട്ട് വച്ചു. ഈ തീരുമാനം വൈകാതെ ലീഗ് നേതൃത്വത്തെ അറിയിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.