13
May 2023
Sun
13 May 2023 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂയോർക്ക്: ഉത്തരകൊറിയയിൽ ഭരണകൂടം 70,000 ക്രിസ്ത്യാനികളെ തടവിലാക്കിയതായി അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ കണ്ടെത്തൽ. ക്രിസ്ത്യാനികൾക്കു പുറമേ മറ്റു മതങ്ങളിൽ വിശ്വസിക്കുന്ന ചിലരും ജയിലിടയ്ക്കപ്പെട്ടവരിൽ ഉൾപ്പെടുന്നതായി യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ 2022ലെ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം റിപ്പോർട്ടിൽ പറയുന്നു.

ബൈബിളുമായി പിടിക്കപ്പെടുന്ന ഉ. കൊറിയയിലെ ക്രിസ്ത്യാനികൾക്ക് വധശിക്ഷ ലഭിക്കുമെന്നും അവരുടെ കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബങ്ങൾക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ബൈബിൾ കൈവശം വെച്ച കുറ്റത്തിന് ഒരു കുടുംബത്തെ ഒന്നടങ്കം വധശിക്ഷക്ക് വിധിച്ചു. രണ്ടുവയസുള്ള കുട്ടിയടക്കമുള്ള കുടുംബമാണ് വധശിക്ഷ കാത്തുകഴിയുന്നത്. മതാചാരങ്ങൾ പിന്തുടരുന്നവരെയും മതഗ്രന്ഥങ്ങൾ കൈവശം വെക്കുന്നവരെയും മതവിശ്വാസം പ്രചരിപ്പിക്കുന്നവരെയും ശിക്ഷിക്കുന്നത് പതിവാണെന്നും റിപ്പോർട്ടിൽ പറയുന്നു.

മതാചാരങ്ങൾ പിന്തുടർന്നതിനും ബൈബിൾ കൈവശം വച്ചതിനും അറസ്റ്റിലായ കുടുംബത്തെ 2009ലാണ് ശിക്ഷിച്ചത്. രണ്ട് വയസുകാരനുൾപ്പെടെ മുഴുവൻ കുടുംബവും രാഷ്ട്രീയ ജയിൽ ക്യാംപിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരികയാണ്. ഈ ക്യാംപുകളിൽ തടവിലാക്കപ്പെട്ട ക്രിസ്ത്യാനികൾ ശാരീരിക പീഡനങ്ങൾക്കും ഇരയാകുന്നു. ഷാമനിക് അനുയായികൾക്കും ക്രിസ്ത്യാനികൾക്കും എതിരേ രേഖപ്പെടുത്തിയിട്ടുള്ള മനുഷ്യാവകാശ ലംഘനങ്ങളിൽ 90 % ഉത്തരവാദി രാജ്യത്തെ സുരക്ഷാ മന്ത്രാലയമാണെന്ന് റിപ്പോർട്ട് പ്രസ്താവിച്ചു.
ക്രിസ്ത്യൻ സമുദായത്തിലെ സ്ത്രീകൾ പീഡനമനുഭവിക്കുന്നതായി 2021 ഡിസംബറിൽ കൊറിയ ഫ്യൂച്ചർ എന്ന സന്നദ്ധ സംഘടന റിപ്പോർട്ട് ചെയ്തിരുന്നു. അതിക്രമത്തിനിരയായ 151 സ്ത്രീകളുമായി സംസാരിച്ചാണ് അഭിമുഖം തയാറാക്കിയത്. ഏകപക്ഷീയമായ തടങ്കൽ, പീഡനം, നാടുകടത്തൽ, നിർബന്ധിത തൊഴിൽ, ലൈംഗികാതിക്രമം എന്നിവയാണ് ഇവർ നേരിടുന്നത്.

നിലവിൽ ഉത്തരകൊറിയയുമായി യു.എസിന് നയതന്ത്രബന്ധമില്ല. കഴിഞ്ഞ ഡിസംബറിൽ, ഉ. കൊറിയയുടെ ദീർഘകാലമായി തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങളെ അപലപിക്കുന്ന യു.എൻ പ്രമേയം അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ പാസാക്കിയിരുന്നു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക